നൈപൈഡോ: മ്യാന്മറിലെ പ്രധാന അണക്കെട്ടായ സ്വർ ക്രിക് അണക്കെട്ട് തകർന്ന് 85 ഗ്രാമങ്ങൾ വെളളത്തിനടിയിലായി. പതിനായിരക്കണക്കിന് ആളുകൾ ഭവന രഹിതരായി. കുത്തിയൊഴുകിയ വെളളത്തിൽ പ്രധാന ദേശീയപാതകളിലൊന്ന് തകർന്നു.

ലാവോസിൽ ഹൈഡ്രോഇലക്ട്രിക് അണക്കെട്ട് തകർന്ന ദുരന്തത്തിന് പിന്നാലെയുണ്ടായ ഈ അപകടം ദക്ഷിണപൂർവേഷ്യയിലെ കാലാവസ്ഥ വ്യതിയാനത്തിലും ഭൗമാന്തർ ഭാഗത്തെ വ്യതിയാനങ്ങളിലും കൂടുതൽ പഠനം ആവശ്യപ്പെടുന്നതാണ്.

അണക്കെട്ട് തകർന്നതിനെ തുടർന്ന് സ്വർ, യദാഷെ എന്നീ നഗരങ്ങൾ വെളളത്തിനടിയിലായി. മ്യാന്മറിലെ മധ്യഭാഗത്തുളളതാണ് ഈ അണക്കെട്ട്. ഇന്നലെയാണ് അണക്കെട്ട് തകർന്നത്. ഇന്ന് വെളളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. 63000 പേർ ഭവനരഹിതരായി മാറിയെന്നാണ് കണക്ക്.

അതേസമയം മരിച്ചവരുടെയും കാണാതായവരുടെയും കണക്കുകൾ വ്യക്തമല്ല. രാജ്യതലസ്ഥാനത്തേക്കുളള പ്രധാന പാതകളെല്ലാം വെളളത്തിന്റെ കുത്തൊഴുക്കിൽ തകർന്നുപോയിട്ടുണ്ട്.

സ്പിൽവേയിലുണ്ടായ തകരാറ് മൂലമാണ് അണക്കെട്ട് തകർന്നതെന്നാണ് വിശദീകരണം. 216350 ഏക്കറോളം പരന്നുകിടക്കുന്നതാണ് അണക്കെട്ടിന്റെ ജലസംഭരണി. അണക്കെട്ടിന് വെളളം താങ്ങാനുളള ശേഷിയില്ലെന്ന് ജനങ്ങൾ പരാതിപ്പെട്ടിട്ടും ദിവസങ്ങൾക്ക് മുൻപാണ് ഇവിടെ ജലനിരപ്പ് ഉയർത്താൻ സർക്കാർ തീരുമാനിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook