ഗോരഖ്പൂർ: പരസ്യമായി തന്നെ അപമാനിച്ച ബിജെപി എംഎൽഎയ്ക്ക് ഐപിഎസ് ഉദ്യോഗസ്ഥയുടെ മറുപടി. ”എന്റെ കണ്ണുനീരിനെ എന്റെ ദൗർബല്യമായി കാണരുതെന്ന്” ചാരു നിഗം ഫെയ്സ്ബുക്കിൽ കുറിച്ചു. ”തളരാൻ അല്ല എനിക്ക് കിട്ടിയ പരിശീലനം എന്നെ പഠിപ്പിച്ചത്. എസ്‌പി ഗണേശ് സാഹ സർ എന്നെ പിന്തുണയ്ക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം സംഭവ സ്ഥലത്ത് എത്തിയപ്പോൾ എനിക്ക് എന്തെങ്കിലും പരുക്ക് പറ്റിയോ എന്നാണ് ചോദിച്ചത്. അദ്ദേഹം വരുന്നതിനു മുൻപുവരെ ഞാനായിരുന്നു അവിടുത്തെ മുതിർന്ന ഓഫിസർ. സർ അവിടെയെത്തി പൊലീസിനോടൊപ്പമാണ് നിന്നത്. ഇതു കണ്ടപ്പോൾ പെട്ടെന്ന് ഞാൻ വികാരാധീനയായെന്നും” ചാരു ഫെയ്സ്ബുക്കിൽ എഴുതി.

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലാണ് സംഭവം ഉണ്ടായത്. ബിജെപി എംഎൽഎ രാധ മോഹൻ അഗർവാൾ ഐപിഎസ് ഓഫിസർ ചാരു നിഗമിനെ പരസ്യമായി ശാസിച്ചു. സംഭവത്തിന്രെ വിഡിയോ ദൃശ്യം പുറത്തുവന്നതോടെയാണ് വിവാദമായത്.

സ്ഥലത്തെ മദ്യശാലയ്ക്കെതിരെ പ്രതിഷേധം ചെയ്തവരെ മാറ്റിയതിനെച്ചൊല്ലിയാണ് ബിജെപി എംഎൽഎ ചാരുമായി വാക്കുതർക്കത്തിലായത്. സംഭവത്തെക്കുറിച്ച് വിശദീകരിക്കാൻ ചാരു നിഗം ശ്രമിച്ചെങ്കിലും ബിജെപി എംഎൽഎ കേൾക്കാൻ തയാറായില്ല. ഒടുവിൽ എസ്‌പി സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ