ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിക്കും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ തങ്ങളുടെ കഴിവുകേടാണ് കോണ്‍ഗ്രസ് കഴിഞ്ഞ നാലുവര്‍ഷങ്ങളായി കാണിച്ചുകൊണ്ടിരിക്കുന്നതെന്ന് മോദി വിമര്‍ശിച്ചു.
‘ഭരണത്തിലിരിക്കുമ്പോള്‍ എന്ന പോലെ തന്നെ കഴിഞ്ഞ നാലുവര്‍ഷമായി തങ്ങളുടെ കഴിവില്ലായ്മയാണ് പ്രതിപക്ഷത്തിരുന്നും കോണ്‍ഗ്രസ് പ്രകടമാക്കുന്നത്,’ ടെലികോണ്‍ഫറന്‍സ് വഴി പാര്‍ട്ടി അണികളെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു.
കോണ്‍ഗ്രസിന്റെ താഴേക്കിടയിലുള്ള പ്രവര്‍ത്തകരോട് തനിക്ക് അതിരില്ലാത്ത സഹതാപമുണ്ടെന്നും മോദി പരിഹസിച്ചു. ‘ഒരു കുടുംബത്തിനു വേണ്ടി പണിയെടുക്കുകയാണ് അവര്‍ ഇക്കാലമത്രയും ചെയ്തത്. എന്നിട്ടും കാര്യമായൊന്നും ചെയ്യാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ല,’ മോദി പറഞ്ഞു.
പറന്ന് പോകാതിരിക്കാന്‍ പ്രതിപക്ഷം പരസ്പരം കൈപിടിക്കുകയാണ്. ഓരോ ദിവസവും പുതിയ കെട്ടുകഥകളുമായാണ് പ്രതിപക്ഷം രംഗത്തെത്തുന്നത്. എന്നാല്‍ 2014 നെക്കാള്‍ വലിയ തരംഗമാണ് നിലവില്‍ ബിജെപിക്ക് അനുകൂലമായുള്ളതെന്നും മോദി പറഞ്ഞു.