മധുര: അഭിനയത്തിന്റെ അങ്കത്തട്ടിൽ പയറ്റിത്തെളിഞ്ഞ ഉലകനായകൻ കമലഹാസൻ തന്റെ ജീവിതത്തിലെ നിർണായക രാഷ്ട്രീയ യാത്രയ്ക്ക് മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ ജന്മനാടായ രാമേശ്വരത്ത് നിന്ന് തുടക്കം കുറിച്ചു. മധുരയിലെ ഒത്തക്കട മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ കമലഹാസൻ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു. ‘മക്കള്‍ നീതി മയ്യം’ എന്നാണ് പാര്‍ട്ടിയുടെ പേര്.

തമിഴകത്തെ മറ്റൊരു സൂപ്പർ സ്റ്റാറിന്റെ രാഷ്ട്രീയ ജീവിതത്തിന് ഔദ്യോഗിക തുടക്കമാവും. പാർട്ടിയുടെ പതാകയും ഈ യോഗത്തിൽ തന്നെ പുറത്തിറക്കി. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി സ്ഥാപകനുമായ അരവിന്ദ് കേജ്രിവാൾ യോഗത്തിനെത്തി. കേരള മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ മധുരയിലെ റാലിയെ അഭിസംബോധന ചെയ്തു.

താന്‍ ജനങ്ങളുടെ ആയുധം മാത്രമാണെന്നും നിങ്ങള്‍ ഓരോരുത്തരുമാണ് നേതാക്കള്‍ എന്നും കമല്‍ഹാസന്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഇത് ജനങ്ങള്‍ക്ക് വേണ്ടിയുളള പാര്‍ട്ടിയാണെന്നും ഉത്തരവാദിത്തങ്ങള്‍ ഏറെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാവിലെ എട്ടു മണിയോടെയാണ് കമലഹാസൻ രാമേശ്വരത്തെത്തിയത് . നാളൈ നമതു (നാളെ നമ്മുടേതാണ്) എന്ന മുദ്രാവാക്യം ഉയർത്തിയാണ് കമൽ യാത്ര നടത്തിയത്. മോസ്ക് സ്ട്രീറ്റിലെ വീട്ടിലെത്തിയ കമലഹാസനെ കലാമിന്റെ മൂത്തസഹോദരൻ മുത്തു മീരാൻ മരയ്ക്കാർ ഉപഹാരം നൽകി സ്വീകരിച്ചു. തുടർന്ന് അൽപസമയം അവരുമായി ചെലവിട്ടു. കമലിന്റെ യാത്ര തുടങ്ങുന്നതറിഞ്ഞ് ആരാധകർ അടക്കമുള്ള വൻ ജനക്കൂട്ടം കലാമിന്റെ വീടിന് മുന്നിലെത്തിയിരുന്നു.

പത്തു മണിയോടെ തുടങ്ങിയ യാത്ര രാമനാഥപുരം,​ ശിവഗംഗ വഴി 170 കിലോമീറ്റർ പിന്നിട്ടാണ് മധുരയിലെത്തിയത്. കമലഹാസനെ സ്വാഗതം ചെയ്തു കൊണ്ടും ആശംസകൾ അറിയിച്ചു കൊണ്ടുമുള്ള പോസ്റ്ററുകൾ മധുരയിലെങ്ങും നിറഞ്ഞു. എവിടേയും ഉത്സവപ്രതീതിയാണ്. ആരാധകരും ആവേശത്തിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ