scorecardresearch
Latest News

‘എന്റെ അനന്തരവൻ മരിച്ചു, അവന്റെ ജാതി കാരണം…ഞങ്ങൾ ഭയത്തോടെയാണ് ജീവിക്കുന്നത്’

അധ്യാപകർക്കു വേണ്ടി വച്ചിരുന്ന പാത്രത്തിൽനിന്ന് വെള്ളം കുടിച്ചതിന് ദേവാറാമിന്റെ ഒൻപതു വയസ്സുള്ള മകനെ ഉയർന്ന ജാതിക്കാരനായ അധ്യാപകൻ മർദിച്ചിരുന്നു

Rajasthan, Dalit boy, ie malayalam
എക്സ്പ്രസ് ഫൊട്ടോ: ദീപ് മുഖർജി

പാതയോരത്തെ ചായക്കടകൾക്ക് പുറത്ത് ത്രിവർണ പതാകകൾ പാറിക്കളിക്കുന്നു, ഓഗസ്റ്റ് 15 ലെ സ്കൂളുകളിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ കഴിഞ്ഞ് കുട്ടികൾ വീട്ടിലേക്ക് മടങ്ങുന്നു, എന്നാൽ ദേവാറാം മേഘ്‌വാളിന്റെ വീട്ടിൽനിന്ന് സ്ത്രീകളുടെ ഉച്ചത്തിലുള്ള കരച്ചിൽ കേൾക്കുന്നു. ഓഗസ്റ്റ് 13 ന് അഹമ്മദാബാദ് ആശുപത്രിയിൽവച്ചു മരിച്ച മകൻ ഇന്ദ്രന്റെ അന്ത്യകർമങ്ങൾ ദേവറാം നടത്തിയിട്ട് മണിക്കൂറുകളേ ആയിട്ടുള്ളൂ. അധ്യാപകർക്കു വേണ്ടി വച്ചിരുന്ന പാത്രത്തിൽനിന്ന് വെള്ളം കുടിച്ചതിന് ദേവാറാമിന്റെ ഒൻപതു വയസ്സുള്ള മകനെ ഉയർന്ന ജാതിക്കാരനായ അധ്യാപകൻ മർദിച്ചിരുന്നു.

രാജസ്ഥാനിലെ ജലോർ ജില്ലയിലെ സുരാന ഗ്രാമത്തിലെ തന്റെ വീടിന് പുറത്ത് ദേവാറാം ഇരിക്കുന്നു. ഒരു പ്ലാസ്റ്റിക് കസേരയിൽ വച്ചിരിക്കുന്ന മാല ചാർത്തിയ ഇന്ദ്രന്റെ ഫോട്ടോയ്ക്ക് ചുറ്റും വിലപിക്കുന്നവരെ അദ്ദേഹം നോക്കിയില്ല.

ഇതുവരെ നടത്തിയ അന്വേഷണത്തിൽ ഇന്ദ്രന്റെ മരണത്തിനു പിന്നിൽ ജാതി സംബന്ധിച്ച കാരണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് വാദം. ജൂലൈ 20 ന് അധ്യാപകൻ നടത്തിയ ആക്രമണത്തിനു പിന്നിൽ കുട്ടി കീഴ്‌ജാതിക്കാരനാണെന്ന പ്രകോപനമാണെന്ന് ആൺകുട്ടിയുടെ കുടുംബം തറപ്പിച്ചുപറയുന്നു.

കോൺഗ്രസ് എംഎൽഎയും രാജസ്ഥാൻ പട്ടികജാതി കമ്മീഷൻ ചെയർമാനുമായ ഖിലാഡി ലാൽ ബൈർവ കുടുംബത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. കുട്ടിയുടെ മരണത്തിൽ സ്വന്തം സർക്കാരിനെ വിമർശിക്കുകയും ഇതുവരെ ജാതി കോണൊന്നും കണ്ടെത്തിയിട്ടില്ലെന്ന പൊലീസിന്റെ അവകാശവാദം അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.

”സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾക്ക് ശേഷവും ദലിതർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും നേരെ നടക്കുന്ന നിരന്തരമായ അതിക്രമങ്ങളിൽ വേദനയുണ്ടെന്ന്” ചൂണ്ടിക്കാട്ടി ബാരൻ-അട്രുവിലെ കോൺഗ്രസ് എംഎൽഎ പന ചന്ദ് മേഘ്‌വാൾ തിങ്കളാഴ്ച നിയമസഭാ സ്പീക്കർ സി.പി.ജോഷിക്കും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും രാജിക്കത്ത് സമർപ്പിച്ചു.

കുട്ടി മരിച്ച ദിവസം തന്നെ ആരോപണവിധേയനായ അധ്യാപകൻ ചായിൽ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ദ്രനെ അധ്യാപകൻ മർദിച്ചതായും തനിക്കായ് കരുതിയിരുന്ന കുടിവെള്ള പാത്രത്തിൽ നിന്ന് കുട്ടി വെള്ളം കുടിച്ചതി ജാതീയമായി അധിക്ഷേപിച്ചതായും എഫ്‌ഐ‌ആറിൽ പറയുന്നു.

”എന്റെ അനന്തരവൻ അവന്റെ ജാതി കാരണം മരിച്ചു. ഞങ്ങളുടെ പ്രദേശത്ത് ദലിതർ മനുഷ്യത്വരഹിതമായ പെരുമാറ്റം നേരിടുന്നു. മുടി വെട്ടാനായി ബാർബർമാരെ കണ്ടെത്താൻ ഇന്നും കിലോമീറ്ററുകൾ താണ്ടേണ്ടി വരുന്നു. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതു മുതൽ ഭയത്തോടെയാണ് ഞങ്ങൾ ജീവിക്കുന്നത്,” ഇന്ദ്രയുടെ അമ്മാവനും കേസിലെ പരാതിക്കാരനുമായ കിഷോർ കുമാർ മേഘ്‌വാൾ പറഞ്ഞു.

അതേ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ഇന്ദ്രയുടെ മൂത്ത സഹോദരൻ. മേഘ്‌വാളിന്റെ വീട്ടിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെയാണ് ഇന്ദ്രൻ പഠിച്ചിരുന്ന ഒറ്റനില സ്കൂൾ കെട്ടിടം. ഒരു മുളങ്കമ്പിൽ ഉയർത്തിയ ത്രിവർണ്ണ പതാക വളപ്പിനുള്ളിൽ പാറിപറക്കുന്നു. കുറ്റാരോപിതനായ അധ്യാപകൻയ ചായിൽ സിങ് രണ്ട് പതിറ്റാണ്ടായി സ്കൂൾ നടത്തി വരികയാണെന്നും രജപുത്ര കുടുംബത്തിൽ നിന്നാണ് കെട്ടിടം വാടകയ്‌ക്ക് എടുത്തതെന്നും നാട്ടുകാർ പറഞ്ഞു.

തിങ്കളാഴ്ച, ജലൂർ എസ്പി ഹർഷ് വർധൻ അഗർവാലയും സംഘവും ജൂലൈ 20 ന് സംഭവം നടന്നപ്പോൾ സ്കൂളിലുണ്ടായിരുന്ന നിരവധി വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി.

“ഒരു പ്രത്യേക പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിനാലാണ് ആൺകുട്ടിയെ മർദിച്ചതെന്ന ആരോപണത്തെക്കുറിച്ച് ഞങ്ങൾ അന്വേഷിക്കുന്നു, കൂടാതെ സ്കൂളിലെ ആളുകളെയും ചോദ്യം ചെയ്യുന്നു. ഞങ്ങളുടെ പ്രാഥമിക അന്വേഷണത്തിൽ ഈ ആരോപണം തെളിയിക്കപ്പെട്ടിട്ടില്ല,” എസ്പി അഗർവാല പറഞ്ഞു.

ജൂലൈ 20 ന് ഇന്ദ്രനും താനും ഒരു കടലാസ് കഷണത്തെ ചൊല്ലി തർക്കമുണ്ടായെന്നും സിങ് ഇരുവരെയും തല്ലിയെന്നും ഇന്ദ്രയുടെ സഹപാഠി, സ്വകാര്യതയുടെ കാരണങ്ങളാൽ പേര് മറച്ചുവയ്ക്കുന്നു, ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. കുറ്റാരോപിതനായ അധ്യാപകനും സ്‌കൂളിന്റെ ഉടമയുമായ സിങ്, കെട്ടിടത്തിൽ കുടിവെള്ള പാത്രം സൂക്ഷിച്ചിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്.

ജൂലൈ 20-ന് എന്താണ് സംഭവിച്ചതെന്ന് എനിക്ക് കൃത്യമായി പറയാൻ കഴിയില്ല. ഈ സ്കൂളിലെ ഭൂരിഭാഗം ജീവനക്കാരും എസ്‌സി/എസ്ടി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്, ഞങ്ങൾ ഒരിക്കലും വിവേചനം കാണിച്ചിട്ടില്ല. ഇവിടെ ആരും പ്രത്യേക പാത്രത്തിൽ നിന്ന് വെള്ളം കുടിക്കില്ല. വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ കോമ്പൗണ്ടിനുള്ളിലെ ടാങ്കിൽ നിന്നാണ് വെള്ളം കുടിക്കുന്നത്,” ദലിത് സമുദായത്തിൽ നിന്നുള്ള സ്കൂളിലെ അധ്യാപകനായ അശോക് ജീംഗർ അവകാശപ്പെട്ടു.

സ്‌കൂളിലെ ദലിത് അധ്യാപകർ സമ്മർദ്ദത്തിലാണെന്നും അവരുടെ തൊഴിലുടമ സിങ്ങിനെ പിന്തുണയ്ക്കുകയല്ലാതെ അവർക്ക് മറ്റൊരു മാർഗവുമില്ലെന്നും ഇന്ദ്രയുടെ കുടുംബം ആരോപിച്ചു.

സ്കൂളിലെ എട്ട് അധ്യാപകരിൽ മൂന്ന് പേർ പട്ടികജാതിക്കാരും, രണ്ട് പേർ പട്ടികവർഗക്കാരും, ഒരാൾ ഒബിസി വിഭാഗത്തിൽ നിന്നും, സിങ് ഉൾപ്പെടെ രണ്ട് പേർ രജപുത്ര സമുദായക്കാരാണെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഹിമ്മത് ചരൺ പറഞ്ഞു.

“ഒരു സ്വകാര്യ ട്രസ്റ്റ് മുഖേന സിങ്ങിന്റെ ഉടമസ്ഥതയിലുള്ള ഈ സ്കൂൾ 2005 ൽ ആരംഭിച്ചു. ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലായി 344 കുട്ടികളുണ്ട്, അവരിൽ 54 പേർ ആർടിഇ നിയമപ്രകാരം പഠിക്കുന്നു. സുരാനയിലെ മൂന്ന് സ്വകാര്യ സ്കൂളുകളിൽ ഒന്നാണിത്,” ജലോറിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീറാം ഗോദര പറഞ്ഞു.

“ഞങ്ങൾക്ക് ലഭിച്ച പൊലീസ് റിപ്പോർട്ടിൽ ജാതി കോണില്ലെന്ന് പറയുന്നു. എന്നാൽ ഇവിടെയുള്ളവരോട് സംസാരിച്ചതിന് ശേഷം, അതാണ് കാരണമെന്ന് എനിക്കറിയാം… പൊലീസ് സത്യം മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ, മുഴുവൻ പൊലീസ് സ്റ്റേഷനും സസ്‌പെൻഡ് ചെയ്യാൻ ഞാൻ ശുപാർശ ചെയ്യും,” തിങ്കളാഴ്ച കുടുംബത്തെ സന്ദർശിച്ച രാജസ്ഥാൻ എസ്‌സി കമ്മീഷൻ ചെയർമാൻ ബൈർവ പറഞ്ഞു.

ധോൽപൂരിലെ ബസേരിയിൽ നിന്നുള്ള കോൺഗ്രസ് എം‌എൽ‌എയായ ബൈർ‌വ ഇന്ദ്രന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചതിന് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിക്കുകയും ഇരയുടെ കുടുംബത്തിലെ രണ്ട് അംഗങ്ങൾക്ക് 50 ലക്ഷം രൂപയും സർക്കാർ ജോലിയും ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, സംഭവത്തിൽ നീതിയുക്തമായ അന്വേഷണം ആവശ്യപ്പെട്ട് പ്രാദേശിക രജപുത്ര സമുദായം തിങ്കളാഴ്ച എസ്പിക്ക് നിവേദനം നൽകി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: My nephew is dead because of his caste we are living in fear