ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ദിവസം ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ കണ്ട പല ഇന്ത്യക്കാരേക്കാള്‍ ‘ഇന്ത്യനാണ്’ തന്റെ അമ്മ സോണിയാ ഗാന്ധി എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. സോണിയയുടെ ഇറ്റാലിയന്‍ പൗരത്വം ചൂണ്ടിക്കാണിക്കുന്ന ബിജെപിയ്ക്കുള്ള മറുപടിയായിരുന്നു രാഹുലിന്റെ വാക്കുകള്‍.

‘എന്റെ അമ്മ ഇറ്റാലിയനാണ്. പക്ഷെ അവരുടെ ജീവിതത്തിന്റെ ഏറിയ പങ്കും ജീവിച്ചത് ഇന്ത്യയിലാണ്. ഞാന്‍ കണ്ട പലരേക്കാളും ‘ഇന്ത്യനാണ്’ അവര്‍. ഈ രാജ്യത്തിന് വേണ്ടി ഒരുപാട് സഹിക്കുകയും ത്യജിക്കുകയും ചെയ്തിട്ടുള്ളവരാണ് അവര്‍. അവരെ അധിക്ഷേപിക്കുന്നത് പ്രധാനമന്ത്രിയ്ക്ക് സന്തോഷം നല്‍കുന്നുണ്ടെങ്കില്‍ അദ്ദേഹം അത് ചെയ്‌തോട്ടെ,” രാഹുല്‍ പറഞ്ഞു.

നരേന്ദ്ര മോദിയുടെ ഉള്ളില്‍ പകയാണെന്നും തന്നോടെന്നല്ല എല്ലാവരോടും അദ്ദേഹത്തിന് ദേഷ്യമാണെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ അത് തന്റെ പ്രശ്‌നമല്ലെന്നും മോദിയുടെ പ്രശ്‌നമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മോദിയുടെ വാക്കുകള്‍ ഉള്ളില്‍ നിന്നു തന്നെ വരുന്നതാണെന്നും കര്‍ണാടകയില്‍ മാത്രമല്ല ചണ്ഡീഗഢിലും മധ്യപ്രദേശിലും രാജസ്ഥാനിലുമെല്ലാം മോദിയും ബിജെപിയും പരാജയപ്പെടുമെന്നും 2019ലും തോല്‍ക്കുമെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കര്‍ണാടകയെ കോണ്‍ഗ്രസ് വികസനത്തിലേക്ക് നയിച്ചെന്നും ഭാവിയിലും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ണാടകയുടെ വ്യക്തിത്വത്തെയും ഭാസവണ്ണയുടെ പ്രത്യയശാസ്ത്രങ്ങളേയും ഇല്ലാതാക്കി ആര്‍എസ്എസിന്റെ തത്വങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

മോദിക്ക് തന്നോട് ദേഷ്യപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണം അദ്ദേഹം തന്നില്‍ ഒരു വെല്ലുവിളി കാണുന്നത് കൊണ്ടാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook