ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിനിധികള്‍ തന്‍റെ അമ്മയേയും ഭാര്യയേയും ഭീഷണിപ്പെടുത്തുകയും അവരോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തതായി പറയുന്ന വീഡിയോ പാക്കിസ്ഥാന്‍ പുറത്തുവിട്ടു. വ്യാഴാഴ്ച ഒരു പാക്കിസ്ഥാന്‍ മാധ്യമം പുറത്തുവിട്ട വീഡിയോയിലാണ് കുല്‍ഭൂഷണ്‍ ജാദവ് ഗുരുതരമായ ഈ ആരോപണം നടത്തുന്നത്.

പാക്കിസ്ഥാന്‍റെ നടപടി അത്ഭുതപ്പെടുത്തുന്നില്ലെന്നും പാക്കിസ്ഥാന്‍ മര്യാദ പാലിക്കണം എന്നുമായിരുന്നു ഇതുസംബന്ധിച്ച് ഇന്ത്യയുടെ പ്രതികരണം. ഇത്തരം നടപടികള്‍ മറുപടി അര്‍ഹിക്കുന്നില്ലെനന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

തന്‍റെ അമ്മയേയും ഭാര്യയേയും കാണാന്‍ അനുവദിച്ച പാക്കിസ്ഥാന്‍ സര്‍ക്കാരിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ” എന്‍റെ അമ്മയ്ക്ക് എന്നെ കണ്ടതില്‍ സന്തോഷമുണ്ട്. പക്ഷെ എനിക്ക് ഇന്ത്യയിലെ ജനങ്ങളോടും മാധ്യമങ്ങളോടും പറയാനുള്ളത് ഞാനിപ്പോഴും ഇന്ത്യന്‍ നാവികസേനയിലെ ഉദ്യോഗസ്ഥന്‍ ആണ് എന്നാണ്. എന്‍റെ അമ്മയുടേയും ഭാര്യയേയും കണ്ണില്‍ ഞാന്‍ ഭയവും കണ്ടു. എന്നെ കണ്ടതിന് ശേഷം ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ എന്‍റെ അമ്മയോട് കയര്‍ക്കുന്നുണ്ടായിരുന്നു.” ചാനല്‍ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളില്‍ കുല്‍ഭൂഷണ്‍ ജാദവ് ആരോപിക്കുന്നു.

ഡിസംബര്‍ 25നാണ് പാക്കിസ്ഥാന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അമ്മയും ഭാര്യയും ഇസ്ലാമബാദിലേക്ക് പോകുന്നത്. ഇസ്‌ലാമാബാദിലെ പാക് വിദേശകാര്യ മന്ത്രാലയത്തിൽവച്ചാണ് അമ്മയും ഭാര്യയും അദ്ദേഹത്തെ കണ്ടത്. നാല്‍പ്പത് മിനുട്ട് നീണ്ടുനിന്ന കൂടികാഴ്ചയ്ക്ക് ശേഷം അവര്‍ അന്ന് തന്നെ തിരിച്ചുവന്നിരുന്നു. കുൽഭൂഷൺ അമ്മ അവന്തികയോടും ഭാര്യ ചേതനയോടും സംസാരിക്കുകയും ചെയ്തു. ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമ്മിഷണര്‍ ജെ.പി.സിങ്ങും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചയ്ക്കുശേഷം ഭാര്യയും അമ്മയും അന്നേ ദിവസം തന്നെ ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

കുല്‍ഭൂഷണെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം നിരവധി തവണ പാക്കിസ്ഥാന്‍ തള്ളിയിരുന്നു. ചാരവൃത്തി ആരോപിക്കപ്പെടുന്ന കുൽഭൂഷണ് സാധാരണ തടവുകാർക്ക് നൽകുന്ന അവകാശങ്ങൾ അനുവദിക്കാനാവില്ലെന്നായിരുന്നു പാക് വാദം. എന്നാൽ ഈ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടുകയും ഭീകരതയുടെ പേരിൽ പാക്കിസ്ഥാൻ ഒറ്റപ്പെടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു പാക്കിസ്ഥാന്‍റെ നയമാറ്റം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ