പാറ്റ്ന: വിവാഹം പോലെ തന്നെ വിവാഹമോചനവും നമ്മുടെ സമൂഹത്തിൽ അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. പരസ്പരമുള്ള പൊരുത്തക്കേടുകൾ തുടങ്ങി ചിലപ്പോൾ വളരെ വിചിത്രമായ കാരണങ്ങൾ വരെ വിവാഹ മോചനത്തിലേക്ക് ദമ്പതികളെ എത്തിക്കാറുണ്ട്. പല കാരണങ്ങളും കേൾക്കുമ്പോൾ ഇതൊക്കെ ഒരു കാരണമാണോ എന്ന് മുഖം ചുളിക്കുന്നവരുണ്ട്. പക്ഷെ ഒരു വിവാഹ ബന്ധത്തിലുള്ളവർക്കല്ലേ അതിന്റെ ബുദ്ധിമുട്ടുകൾ അറിയൂ.

പതിവായി ഷേവ് ചെയ്യുകയോ കുളിക്കുകയോ പല്ല് തേക്കുകയോ ചെയ്യാത്തതിനാൽ ഭർത്താവിനെ ദുർഗന്ധം വമിക്കുന്നുവെന്ന് പറഞ്ഞ് ബിഹാറിലെ വൈശാലി ജില്ലയിൽ നിന്നുള്ള ഇരുപതുകാരി വിവാഹമോചനം തേടി വനിതാ കമ്മിഷനെ സമീപിച്ചതാണ് പുതിയ വാർത്ത. ഭർത്താവിന് മര്യാദയില്ലെന്നും നന്നായി പെരുമാറാൻ അറിയില്ലെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്.

സംസ്ഥാന വനിതാ കമ്മിഷൻ (എസ്‌ഡബ്ല്യുസി) യുവതിയുടെ പരാതി രജിസ്റ്റർ ചെയ്യുകയും 23കാരനായ ഭർത്താവിനോട് രണ്ട് മാസത്തിനുള്ളിൽ തന്റെ തെറ്റുകൾ തിരുത്തുകയോ അല്ലാത്ത പക്ഷം വിവാഹ മോചനത്തിനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

വൈശാലി ജില്ലയിലെ ദേശ്രി ബ്ലോക്കിന് കീഴിലുള്ള നയഗോൺ ഗ്രാമത്തിൽ താമസിക്കുന്ന സോണി ദേവി എന്ന യുവതിയാണ് ഭർത്താവിന്റെ ദുശ്ശീലങ്ങളെക്കുറിച്ച് പരാതിയുമായി രംഗത്തെത്തിയത്. അടിസ്ഥാന ശുചിത്വം പാലിക്കാത്ത ഭർത്താവിൽനിന്ന് വിവാഹമോചനം തേടി അവർ വ്യാഴാഴ്ചയാണ് എസ്‌ഡബ്ല്യുസിയെ സമീപിച്ചത്. യുവതിയുടെ കാരണങ്ങൾ തന്നെ ആദ്യം പരിഭ്രാന്തയാക്കിയതായി എസ്‌ഡബ്ല്യുസി അംഗം പ്രതിമ സിൻഹ പറഞ്ഞു.

തന്റെ ഭർത്താവ് ഒരു പ്ലംബറാണെന്നും പത്ത് ദിവസത്തോളം കുളിക്കാറില്ലെന്നും സോണി പരാതിയിൽ പറയുന്നു. അദ്ദേഹം പതിവായി പല്ല് തേക്കാറില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. “ഞങ്ങൾക്ക് കുട്ടികളില്ല. ഭാര്യാഭർത്താക്കന്മാർ എന്ന നിലയിലുള്ള നമ്മുടെ ബന്ധം പോലും സൗഹാർദപരമല്ല. ജീവിതത്തിന് അർഥമില്ല, മൂല്യം നഷ്ടപ്പെട്ടു,” യുവതി കമ്മിഷനോട് പറഞ്ഞു.

വിവാഹമോചന ആവശ്യത്തിൽ സോണി ഉറച്ചുനിൽക്കുകയാണെന്നും വിവാഹസമയത്ത് പിതാവ് സ്ത്രീധനമായി നൽകിയ ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തിരികെ നൽകണമെന്നും പരാതിയിൽ പറഞ്ഞതായി എസ്‌ഡബ്ല്യുസി പറഞ്ഞു.

ദാമ്പത്യബന്ധം തകർക്കരുതെന്ന് പ്രതിമ ദമ്പതികളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. “ഞാൻ അവരുടെ ഭർത്താവിന് രണ്ട് മാസത്തെ സമയം നൽകി. അതിനുശേഷവും അദ്ദേഹത്തിന്റെ പെരുമാറ്റം തൃപ്തികരമായി തോന്നിയില്ലെങ്കിൽ, ഞങ്ങൾ വിവാഹമോചന ഹർജി കുടുംബ കോടതിയിലേക്ക് റഫർ ചെയ്യും,” പ്രതിമ മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ ജീവിത ശൈലിയും പെരുമാറ്റവും ശരിയാക്കാനും ഭാര്യയുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കാനും പരമാവധി ശ്രമിക്കുമെന്ന് മനീഷ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook