ന്യൂഡല്‍ഹി: കോവിഡ്-19 ലോകവ്യാപകമായി സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിച്ച തകര്‍ച്ചക്കിടെ 2020ല്‍ ബിരുദം നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം സന്ദേശം പങ്കുവച്ച് ഗൂഗിൾ സിഇഒ സുന്ദര്‍ പിച്ചൈ. തുറന്ന മനസോടെ, അക്ഷമരായി, പ്രതീക്ഷയോടെയിരിക്കണമെന്ന് അദ്ദേഹം വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു. സാമൂഹിക അകലം പാലിച്ച് ലോകത്താകമാനമുള്ള വിദ്യാര്‍ഥികളോട് വെര്‍ച്വല്‍ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More: ‘താങ്ക് യൂ സുന്ദരേട്ടാ’; ഗൂഗിളിനെ സ്നേഹംകൊണ്ട് മൂടി മലയാളികൾ

അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ ഒരു കോഴ്‌സ് പഠിക്കാൻ അമേരിക്കയിലേക്ക് പോയപ്പോൾ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ബുദ്ധിമുട്ടേറിയ സന്ദര്‍ഭങ്ങളിലും പോസിറ്റീവ് ആയിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം തന്റെ ഭൂതകാലത്തെ കുറിച്ച് പറഞ്ഞത്.

“എന്റെ അച്ഛൻ യുഎസിലേക്കുള്ള എന്റെ വിമാന ടിക്കറ്റിനായി അദ്ദേഹത്തിന്റെ ഒരു വർഷത്തെ ശമ്പളത്തിന് തുല്യമായ തുക ചെലവഴിച്ചു, അതിനാൽ എനിക്ക് സ്റ്റാൻഫോർഡിൽ പഠിക്കാൻ കഴിഞ്ഞു. അതെന്റെ ആദ്യ വിമാന യാത്രയായിരുന്നു… അമേരിക്ക വളരെ ജീവിതച്ചെലവുകളുള്ള ഒരു സ്ഥലമാണ്. വീട്ടിലേക്ക് ഒരു ഫോൺ വിളിക്കണമെങ്കിൽ ഒരു മിനിറ്റിന് 2 ഡോളറിൽ കൂടുതലായിരുന്നു. ഇന്ത്യയിൽ എന്റെ അച്ഛന് ഒരു മാസം ലഭിക്കുന്ന ശമ്പളമായിരുന്നു യുഎസിൽ ഒരു ബാക്ക്‌പാക്കിന്റെ വില,” അദ്ദേഹം പറഞ്ഞു.

യൂട്യൂബിൽ സംപ്രേഷണം ചെയ്ത പരിപാടിയിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും മുൻ യുഎസ് പ്രഥമ വനിത മിഷേൽ ഒബാമയും ഗായികയും നടിയുമായ ലേഡി ഗാഗ, ഗായിക ബിയോൺസ്, ദക്ഷിണ കൊറിയൻ ബാൻഡ് ബിടിഎസ് തുടങ്ങിയവർ പങ്കെടുത്തു.

സാങ്കേതിക വിദ്യയുടെ മതിയായ സഹായമില്ലാതെ വളര്‍ന്ന കാലത്തെ കുറിച്ചുള്ള ഓര്‍മകളും അദ്ദേഹം വിദ്യാര്‍ഥികളോട് പങ്കുവച്ചു. ഇപ്പോൾ കുട്ടികൾ എല്ലാ ആകൃതിയിലും വലുപ്പത്തിലുമുള്ള കംപ്യൂട്ടറുകളുമായി വളർന്നുവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഞാന്‍ അമേരിക്കയില്‍ ബിരുദ പഠനത്തിന് എത്തുന്നതുവരെ സ്ഥിരമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. എനിക്ക് പത്ത് വയസ്സാകുന്നത് വരെ ടെലിഫോൺ പോലും ലഭിച്ചിട്ടില്ല. ഒരു ടിവി ലഭിച്ചപ്പോള്‍ അതില്‍ ഒരു ചാനല്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്,” ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു.

ചെന്നൈയിൽ വളർന്ന സുന്ദർ പിച്ചൈ, മെറ്റീരിയൽസ് എൻജിനീയറായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും 2004 ൽ ഗൂഗിളിൽ മാനേജ്മെന്റ് എക്സിക്യൂട്ടീവ് ആയി ചേരുകയും ചെയ്തു. 2015 ൽ കമ്പനിയുടെ പ്രൊഡക്റ്റ് ചീഫും സിഇഒയും ആയി അദ്ദേഹം ഉയർന്നു. പുനഃസംഘടന പ്രക്രിയയുടെ ഭാഗമായി ഗൂഗിളിന്റെ മാതൃ കമ്പനിയുടെ മേധാവിയുമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook