scorecardresearch
Latest News

സംസ്ഥാന താൽപര്യം കണക്കിലെടുത്ത് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്ന് മകന്‍ യതീന്ദ്ര

സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയുമാണ് കർണാടക മുഖ്യമന്ത്രി പദത്തിനായി രംഗത്തുള്ളത്

Yathindra Siddaramaiah, karnataka, ie malayalam
യതീന്ദ്ര സിദ്ധരാമയ്യ (ഫയൽ ചിത്രം)

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വ്യക്തമായ മുന്നേറ്റം തുടരവേ, സംസ്ഥാനത്തിന്റെ താൽപര്യം പോലെ തന്റെ പിതാവ് കേവലഭൂരിപക്ഷം നേടി മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ”ഒരു മകനെന്ന നിലയിൽ അദ്ദേഹം മുഖ്യമന്ത്രിയായി കാണാനാണ് എനിക്ക് ആഗ്രഹം. സംസ്ഥാനത്തെ ഒരു പൗരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ സർക്കാർ മികച്ച ഭരണമാണ് കാഴ്ച വച്ചത്. ഇത്തവണയും മുഖ്യമന്ത്രിയായാൽ ബിജെപി ഭരണത്തിലെ അഴിമതിയും ദുർഭരണവും അദ്ദേഹം തിരുത്തും.” യതീന്ദ്ര പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയുമാണ് കർണാടക മുഖ്യമന്ത്രി പദത്തിനായി രംഗത്തുള്ളത്. വെള്ളിയാഴ്ച സിദ്ധരാമയ്യ തന്റെ വസതിയിൽ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, ഹൈക്കമാൻഡിന്റെ തീരുമാനം താൻ അനുസരിക്കുമെന്നാണ് ശിവകുമാർ വ്യക്തമാക്കിയത്. തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരും ഹൈക്കമാൻഡും മുഖ്യമന്ത്രി ആരെന്ന് നിശ്ചയിക്കുമെന്നാണ് സിദ്ധരാമയ്യ ആവർത്തിച്ച് പറയുന്നത്.

“ഞാൻ പാർട്ടിക്ക് വേണ്ടി പോരാടിയിട്ടുണ്ട്, എല്ലാവരും (എന്നെ) പിന്തുണയ്ക്കും. 2019ലെ ഉപതിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് ദിനേശ് ഗുണ്ടു റാവു രാജിവച്ചതിന് ശേഷമാണ് എനിക്ക് (കെപിസിസി അധ്യക്ഷന്റെ) ചുമതല ലഭിച്ചത്. അതിനുശേഷം ഞാൻ ഉറങ്ങിയിട്ടില്ല, ഉറങ്ങുകയുമില്ല. പാർട്ടിക്ക് ആവശ്യമായത് ഞാൻ ചെയ്തിട്ടുണ്ട്. എല്ലാവരും (എന്നെ) പിന്തുണയ്ക്കും, ഞാൻ നല്ലൊരു സർക്കാർ നൽകും,” വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

നിലവില്‍ തന്റെ മണ്ഡലമായ വരുണയില്‍ മുന്നിലാണ് സിദ്ധരാമയ്യ. ബിജെപിയുടെ വി.സോമണ്ണയാണ് സിദ്ധരാമയ്യയുടെ എതിരാളി. 2.3 ലക്ഷത്തിലധികം വോട്ടർമാരാണ് ഈ മണ്ഡലത്തിലുള്ളത്.

224 അംഗ കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ ഒരു പാര്‍ട്ടിക്കോ സഖ്യത്തിനോ 113 സീറ്റുകള്‍ നേടേണ്ടതുണ്ട്. ബിജെപിയുമായുള്ള കടുത്ത പോരാട്ടത്തില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. പലരും തൂക്കു നിയമസഭ പ്രവചിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ എച്ച്ഡി കുമാരസ്വാമിയുടെ ജെഡിഎസ് കിങ് മേക്കറായി മാറിയേക്കും.

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് മണിക്കൂറുകൾ പിന്നിടുമ്പോള്‍ കേവല ഭൂരിപക്ഷമായ 113 സീറ്റ് കോൺഗ്രസ് നിലനിര്‍ത്തുമെന്ന പ്രതീക്ഷയാണ് ലീഡ് നിലയിൽനിന്നും വ്യക്തമാകുന്നത്. 115 സീറ്റില്‍ വ്യക്തമായ ലീഡ് നിലയോടെ കോണ്‍ഗ്രസ് മുന്നിലാണ്. 78 സീറ്റില്‍ മാത്രമാണ് ബിജെപി മുന്നേറ്റമുള്ളത്. 26 സീറ്റില്‍ ജെഡിഎസ് ആധിപത്യം ഉറപ്പിക്കുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: My father should be cmin the interest of the state cong leader siddaramaiahs son