ജയ്‌പൂര്‍: താനും തന്റെ കുടുംബവും ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരാണെന്ന അവകാശവാദവുമായി രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി ദിയാകുമാരി. കഴിഞ്ഞ ദിവസം അയോധ്യ കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ, ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരായ ‘രഘുവംശക്കാർ’ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യം സുപ്രീം കോടതി ഉന്നയിച്ചതിന് മറുപടിയായാണ് ദിയാ കുമാരി രംഗത്തെത്തിയിരിക്കുന്നത്.

തന്റെ കുടുംബം ശ്രീരാമന്റെ മകന്‍ കുശന്റെ പിന്തുടര്‍ച്ചക്കാരാണെന്നും തന്റെ പിതാവ് ശ്രീരാമന്റെ 309-ാമത്തെ പിന്തുടര്‍ച്ചക്കാരനാണെന്നും അവര്‍ പറഞ്ഞു. ശ്രീരാമന്റെ പിൻഗാമികൾ ലോകമെമ്പാടും ഉണ്ടെന്നും അയോധ്യയിലെ തർക്കം ഉടൻ പരിഹരിക്കണമെന്നും അവർ പറഞ്ഞു.

“ശ്രീരാമന്റെ പിൻഗാമികൾ എവിടെയാണെന്ന് കോടതി ചോദിച്ചിട്ടുണ്ട്. ശ്രീരാമന്റെ പിൻഗാമികൾ ലോകമെമ്പാടും ഉണ്ട്, അദ്ദേഹത്തിന്റെ മകൻ കുശനിൽ നിന്നാണ് ഞങ്ങളുടെ കുടുംബം ഉൾപ്പെടെയുള്ളവർ വന്നിട്ടുള്ളത്,” രാജസ്ഥാനിലെ രാജ്‌സമന്ദിൽ നിന്നുള്ള എം‌പി എം‌.എസ്.കുമാരി പറഞ്ഞു.

കയ്യെഴുത്തുപ്രതികൾ, വംശാവലി, രാജകുടുംബത്തിൽ ലഭ്യമായ രേഖകൾ എന്നിവ അടിസ്ഥാനമാക്കിയാണ് താൻ ഇങ്ങനെ പറയുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരാണെന്നത് ചെറുപ്പം മുതല്‍ വീട്ടില്‍നിന്നു കേള്‍ക്കുന്നതാണ്. കച്‌വാഹ വംശത്തെ കുറിച്ച് ഓണ്‍ലൈനില്‍ തിരഞ്ഞാല്‍ ഞങ്ങളുടെ വംശപാരമ്പര്യം കുശനിലേക്ക് എത്തിച്ചേരുന്നത് കാണാമെന്നും ദിയ കൂട്ടിച്ചേര്‍ത്തു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ച് രാം ലല്ലാ വിരാജ്മാന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.പരശരനോട് ഇക്കാര്യം ചോദിച്ചത്.

“രഘുവംശ രാജവംശത്തിൽ നിന്നുള്ള ആരെങ്കിലും ഇപ്പോഴും അവിടെ (അയോധ്യയിൽ) താമസിക്കുന്നുണ്ടോ എന്ന് ഞങ്ങൾ അത്ഭുതപ്പെടുകയാണ്,” ബെഞ്ച് പറഞ്ഞു.

“എനിക്ക് വിവരമൊന്നുമില്ല. ഞങ്ങൾ അത് കണ്ടെത്താൻ ശ്രമിക്കും,” പരശരന്റെ പ്രതികരണം ഇത്തരത്തിൽ ആയിരുന്നു

ശ്രീരാമനിൽ എല്ലാവർക്കും വിശ്വാസമുണ്ട്. രാമക്ഷേത്ര കേസിൽ വാദം കേൾക്കൽ വേഗത്തിലാക്കണമെന്നും കോടതി വിധി ഉടൻ ഉണ്ടാകണമെന്നതും ഞങ്ങളുടെ അഭ്യർത്ഥനയാണ്. ആവശ്യമെങ്കിൽ കുടുംബവുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ കോടതിയിൽ ഹാജരാക്കുമെന്നും എന്നാൽ നേതൃത്വം നൽകി അയോധ്യ കേസിൽ ഇടപെടില്ലെന്നും അവർ പറഞ്ഞു.

അയോധ്യയിലെ 2.77 ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡ്, നിർമ്മോഹി അഖാര, രാം ലല്ല എന്നീ മൂന്ന് കക്ഷികൾക്കിടയിൽ തുല്യമായി വിഭജിക്കണമെന്ന് 2010 ലെ അലഹബാദ് ഹൈക്കോടതി വിധിക്ക് എതിരായി 14 അപ്പീലുകൾ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook