scorecardresearch
Latest News

പാവപ്പെട്ടവർക്ക് സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയുമെന്ന് എന്റെ തിരഞ്ഞെടുപ്പ് തെളിയിച്ചു: രാഷ്ട്രപതി ദ്രൗപതി മുർമു

രാഷ്ട്രപതി സ്ഥാനത്തെത്തിയത് എന്റെ വ്യക്തിപരമായ നേട്ടമല്ല, ഇന്ത്യയിലെ ഓരോ പാവപ്പെട്ടവന്റെയും നേട്ടമാണ്

Droupadi Murmu, bjp, ie malayalam

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ രാഷ്ട്രപതിയായി ചുമതലയേറ്റതിൽ താൻ അഭിമാനം കൊള്ളുന്നുവെന്ന് ദ്രൗപദി മുർമു. 15-ാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ രാഷ്ട്രപതിയാണ് താനെന്നും അവർ അഭിപ്രായപ്പെട്ടു.

രാഷ്ട്രപതി സ്ഥാനത്തെത്തിയത് എന്റെ വ്യക്തിപരമായ നേട്ടമല്ല, ഇന്ത്യയിലെ ഓരോ പാവപ്പെട്ടവന്റെയും നേട്ടമാണ്. ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച മകൾക്ക്, ആദിവാസി മേഖലയിൽ ജനിച്ച മകൾക്ക് ഇന്ത്യയുടെ പരമോന്നത ഭരണഘടനാ പദവിയിൽ എത്താൻ കഴിയുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയാണെന്ന് അവർ പറഞ്ഞു. വനിതാ ശാക്തീകരണത്തിനും ദലിത് ഉന്നമനത്തിനുമായി ഞാൻ പ്രവർത്തിക്കും. പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമാകുമെന്നും അവർ പറഞ്ഞു.

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണയാണ് ദ്രൗപദി മുർമുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. അതിനുശേഷം, സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതിയും ഇരിപ്പിടങ്ങള്‍ പരസ്പരംമാറി. സത്യപ്രതിജ്ഞ ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികള്‍, മൂന്നുസേനകളുടെയും മേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രാജ്യത്തെ പരമോന്നത പദവിയിലെത്തുന്ന ആദ്യ ആദിവാസി വനിതയാണ് മുർമു. ഒഡിഷയില്‍നിന്നുള്ള ആദിവാസി നേതാവായ ദ്രൗപതി ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറാണ്. 1958 ജൂണ്‍ 20നു ജനിച്ച ദ്രൗപദി നിരവധി സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണറായിരുന്നു. 2015 മുതല്‍ 2021 വരെയാണു ജാര്‍ഖണ്ഡ് ഗവര്‍ണര്‍ പദവി വഹിച്ചത്. 64 കാരിയായ ദ്രൗപതി മുര്‍മുവിന്റെ പേര് 2017 രാഷ്ട്രപതി തിരഞ്ഞെടുപ്പിലും ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍, അന്ന് ബിഹാര്‍ ഗവര്‍ണറായിരുന്ന രാം നാഥ് കോവിന്ദിനായിരുന്നു നറുക്ക് വീണത്.

രാജ്യത്തെ ആദ്യ ആദിവാസി ഗവര്‍ണറെന്ന വിശേഷണവും ദ്രൗപതി മുര്‍മുവിനു സ്വന്തമാണ്. രണ്ടായിരത്തില്‍ ഒഡിഷയിലെ നവീന്‍ പട്‌നായിക് മന്ത്രിസഭയില്‍ അംഗമായിരുന്നു. കൗണ്‍സിലറായി വിജയിച്ചുകൊണ്ട് രാഷ്ട്രീയജീവിതം ആരംഭിച്ച ദ്രൗപതി 1997ല്‍ ഒഡിഷയിലെ റൈരങ്പൂറിലെ വൈസ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. അതേ വര്‍ഷം തന്നെ അവര്‍ എസ്ടി മോര്‍ച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബി ജെ പിയുടെ എസ് ടി മോര്‍ച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായി 2013 മുതല്‍ 2015 വരെ പ്രവര്‍ത്തിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: My election proves that poor in india can fulfill dreams president droupadi murmu