ന്യൂഡൽഹി: ഗോവയിലും മണിപ്പൂരിലുമടക്കം ഭരണത്തിലെത്താനാകാത്ത സാഹചര്യത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. “രാഹുൽ ഗാന്ധി നിശ്ചയദാർഢ്യമില്ലാത്ത നേതാവാ”ണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം “പുതിയ കോൺഗ്രസ് വേണ”മെന്നും ആവശ്യപ്പെട്ടു. എന്നാൽ കോൺഗ്രസിനെ മുന്നോട്ട് നയിക്കാൻ “രാഹുൽ ഗാന്ധിക്ക് മാത്രമേ സാധിക്കൂ” എന്ന അഭിപ്രായവും അദ്ദേഹം ന്യൂഡൽഹിയിൽ നടന്ന ഇന്ത്യൻ എക്സ്പ്രസ് ഐഡിയ എക്സ്ചേഞ്ചിൽ പങ്കുവച്ചു.
ഇനിയും ഇങ്ങിനെ മുന്നോട്ട് പോകാനാവില്ലെന്ന നിലയിലാണ് അദ്ദേഹം പരിപാടിയിൽ സംസാരിച്ചത്. 2014 മുതൽ കോൺഗ്രസ് നേരിടുന്ന തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങളെ വിലയിരുത്തിയുള്ള ചോദ്യങ്ങോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “പുതിയ നയവും, ദിശാബോധവും പ്രചാരണരീതിയും ഉള്ള പുതിയ കോൺഗ്രസ് പാർട്ടി ആവശ്യമാണെ”ന്ന് ദിഗ്‌വിജയ് സിങ് കൂട്ടിച്ചേർത്തു.
എന്നാൽ രാഹുൽ ഗാന്ധിക്ക് മാത്രമേ കോൺഗ്രസിനെ മുന്നോട്ട് നയിക്കാനാകൂ എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. “ഒരു പുതിയ കോൺഗ്രസിനെ സൃഷ്ടിക്കേണ്ടതുണ്ട്. അതിന് രാഹുൽ ഗാന്ധിക്ക് മാത്രമേ സാധിക്കൂ. അദ്ദേഹം നിശ്ചയദാർഢ്യമില്ലാത്ത നേതാവാണെന്നാണ് എന്റെ വിമർശനം. ഇത് ഞാൻ പലവട്ടം അദ്ദേഹത്തോട് പറഞ്ഞു. ചിലപ്പോഴൊക്കെ ദേഷ്യത്തോടെയാണ് അദ്ദേഹം എന്റെ ആവർത്തിച്ചുള്ള അഭിപ്രായത്തോട് പ്രതികരിച്ചത്” ദിഗ്‌വിജയ് സിങ് വ്യക്തമാക്കി.
“ആധുനിക സമൂഹത്തിന് അനുയോജ്യമായ നയങ്ങൾ ചിട്ടപ്പെടുത്തേണ്ടതുണ്ട്. ഇടത്തരക്കാരെ പരിഗണിച്ചുള്ള നയങ്ങളാണ് ആവശ്യം. ഇത്തരത്തിലുള്ള പുതിയ നയം നേതൃത്വം ചിട്ടപ്പെടുത്തേണ്ടതുണ്ട്. രാഹുൽ ഗാന്ധി ഇത് ചെയ്തേ മതിയാകൂ” അദ്ദേഹം പറഞ്ഞു.
2014 ലോക്സഭ തിരഞ്ഞെടുപ്പിനേറ്റ പരാജയത്തെ കുറിച്ച് എ.കെ.ആന്റണി അദ്ധ്യക്ഷനായ സമിതി നടത്തിയ പഠന റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് ദിഗ്‌വിജയ് സിങ് ആവശ്യപ്പെട്ടു. 150 ൽ അധികം സംസ്ഥാന-ജില്ല നേതാക്കളുമായി ഈ റിപ്പോർട്ട് സംബന്ധിച്ച് രാഹുൽ ഗാന്ധി ചർച്ച നടത്തിയിട്ടുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി കൂടിയായ ദിഗ്‌വിജയ് സിങ് പറഞ്ഞു. എന്നാൽ ഈ റിപ്പോർട്ട് എപ്പോൾ നടപ്പിലാക്കുമെന്ന കാര്യം കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കും മാത്രമേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ദേശീയ തലത്തിൽ നേരിടുന്ന പ്രതിസന്ധി നേതൃത്വം സംബന്ധിച്ച് അല്ലെന്ന് ദിഗ്‌വിജയ് സിങ് പറഞ്ഞു. ഗാന്ധി കുടുംബമാണ് പാർട്ടിയെ രാജ്യത്താകെ കെട്ടുറപ്പോടെ നിർത്തുന്ന ഘടകമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “കോൺഗ്രസിന്റെ നവീകരണവും പുനസംഘടനയുമാണ്” ഇപ്പോഴത്തെ പ്രധാന പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം പ്രിയങ്ക ഗാന്ധി രാഷ്ട്രീയ നേതൃത്വത്തിലേക്ക് കടന്നുവരുന്നതിനോട് അദ്ദേഹം സന്തോഷത്തോടെ പ്രതികരിച്ചു. “രാജ്യത്താകമാനം പ്രിയങ്ക ഗാന്ധി നേതൃത്വത്തിലേക്ക് വരണമെന്ന് പ്രവർത്തകർ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം തീരുമാനിക്കേണ്ടത് നെഹ്റു-ഗാന്ധി കുടുംബമാണെ”ന്ന് അദ്ദേഹം വ്യക്തമാക്കി.
ഉത്തരാഖണ്ഡിൽ രണ്ട് മണ്ഡലങ്ങളിൽ ജനവിധി തേടിയ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റേതടക്കം കോൺഗ്രസിനേറ്റ കനത്ത തിരിച്ചടി “ആശ്ചര്യപ്പെടുത്തി”യെന്നും അദ്ദേഹം പറഞ്ഞു.