പട്ന: ബിഹാറിലെ മുസാഫർപുരിൽ സർക്കാർ ഉടമസ്ഥതയിലുള്ള അഭയകേന്ദ്രത്തിൽ പെൺകുട്ടികളെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവുമായി ബന്ധപ്പെട്ട് സംസ്ഥാന സാമൂഹ്യക്ഷേമ മന്ത്രി മഞ്ജു വർമ രാജിവച്ചു. മന്ത്രിയുടെ ഭർത്താവും ജെഡിയു നേതാവുമായ ചന്ദ്രശേഖർ വർമയ്ക്കു പീഡനത്തിൽ പങ്കുണ്ടെന്ന ആരോപണത്തെ തുടർന്നാണ് രാജി.
മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് മഞ്ജു വര്‍മ്മ രാജിക്കത്ത് നല്‍കിയത്. ചന്ദ്രശേഖർ വർമ അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കോൾ ലിസ്റ്റ് പരിശോധിച്ചതിൽനിന്നാണ് ഇരുവരുടേയും ബന്ധം പൊലീസ് കണ്ടെത്തിയത്. ഒക്ടോബറിനും മെയ് മാസത്തിനും ഇടയിൽ മാത്രം 17 ഫോൺവിളികളാണ് ഇരുവരും തമ്മിൽ നടന്നത്. ചന്ദ്രശേഖർ വർമ ഒമ്പതു തവണ അഭയകേന്ദ്രത്തിൽ എത്തിയിട്ടുണ്ട്. മണിക്കൂറുകളോളം ഇവിടെ ചെലവഴിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മന്ത്രിയുടെ ബന്ധുക്കളാരെങ്കിലും ഇതില്‍ ഉള്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. അഭയകേന്ദ്രത്തിലെ പീഡനം പുറത്തുവന്നതിന് പിന്നാലെ മന്ത്രിയ്ക്കും മന്ത്രിസഭയ്ക്കും നേരെ രൂക്ഷായ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് പട്ന ഹൈക്കോടതി ഉത്തരവിട്ടു. രണ്ടാഴ്ച കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി സിബിഐക്ക് നിർദ്ദേശം നല്‍കിയത്.
മുംബൈ കേന്ദ്രമയുള്ള ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിന്റെ പരിശോധനയിലാണു കൂട്ടമാനഭംഗം പുറംലോകം അറിയുന്നത്. 34 പെൺകുട്ടികൾ പീഡനത്തിന് ഇരയായെന്നാണു കണ്ടെത്തൽ. അഭയകേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതയുള്ള എൻജിഒയുടെ ഉടമ ബ്രജേഷ് താക്കൂർ ഉൾപ്പെടെ പത്തുപേരെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.