പട്ന: മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തില്‍ നടന്ന പീഡനക്കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ മുന്‍ മന്ത്രി മഞ്ജു വര്‍മ്മ കോടതിയില്‍ കീഴടങ്ങി. ആഴ്ചകളായി സിബിഐ ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്നു. ഒടുവില്‍ ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സംസ്ഥാന പൊലീസ് തീരുമാനിച്ചപ്പോഴാണ് മഞ്ജു വർമ്മ ചൊവ്വാഴ്ച രാവിലെ ബെഗുസറായ് കോടതിയില്‍ കീഴടങ്ങിയത്. നേരത്തെ, മഞ്ജു വര്‍മ്മയെ പിടികൂടാന്‍ കഴിയാത്തതിന്റെ പേരില്‍ ബിഹാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് വിധേയരായിരുന്നു.

മുന്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന മഞ്ജു വർമ്മയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സുപ്രീം കോടതിയുടെ അനുവാദത്തിനായി കാത്തിരിക്കുകയായിരുന്നു പൊലീസെന്ന് ബിഹാര്‍ ഡിജിപി കെ.എസ് ദ്വിവേദി പറഞ്ഞു. ഒരു ക്രിമിനലിനെ പരിഗണിക്കേണ്ടത് ക്രിമിനലായി തന്നെയാണെന്നും ഇവര്‍ക്കായി പൊലീസ് പലയിടങ്ങളിലും റെയ്ഡ് നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുസാഫര്‍പൂറിലെ അഭയകേന്ദ്രത്തില്‍ നിരവധി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ ഒന്നാം പ്രതിയായ ബ്രജേഷ് താക്കൂറുമായി മഞ്ജു വർമ്മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വർമ്മയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ മഞ്ജു വർമ്മ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു.

കൂടാതെ മന്ത്രിയുടെ വീട്ടില്‍ പൊലീസ് സംഘം നടത്തിയ റെയ്ഡില്‍ അമ്പതോളം വെടിയുണ്ടകള്‍ പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് ചന്ദ്രശേഖര വർമ്മ നേരത്തേ കോടതിയില്‍ കീഴടങ്ങിയിരുന്നു.

സര്‍ക്കാരിനും പാര്‍ട്ടിക്കും അപമാനമുണ്ടാക്കി എന്നു പറഞ്ഞ് മഞ്ജു വർമ്മയെ ജെഡി(യു)വില്‍ നിന്നും പുറത്താക്കി. പാര്‍ട്ടിയുടെ തീരുമാനം വൈകിപ്പോയെന്ന് ആര്‍ജെഡി കുറ്റപ്പെടുത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ