മുസാഫര്‍നഗര്‍: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച യുവാവിനെ ബിജെപി പ്രവര്‍ത്തകര്‍ അക്രമിച്ചു. ഒരു ടെലിവിഷന്‍ ചാനലിന്റെ പരിപാടിയില്‍ ചോദ്യത്തിന് ഉത്തരം പറയവെയാണ് അദ്‌നാന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിച്ചത്.

ഭാരത് സമാചാറിന്റെ ‘മഹൗല്‍ ബനായെ രാഖിയേ’ എന്ന പരിപാടിയില്‍ പങ്കെടുത്ത ആള്‍ക്കൂട്ടത്തിന്റെ ഭാഗമായിരുന്നു അദ്‌നാനും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് അദ്‌നാൻ നൽകിയ മറുപടിയില്‍ അതൃപ്തി തോന്നിയതിനെ തുടര്‍ന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ഇയാളെ മർദിച്ചത്.

സംഭവത്തെ കുറിച്ച് പരിപാടിയുടെ അവതാരകനായ മാധ്യമപ്രവര്‍ത്തകന്‍ നരേന്ദ്ര പ്രതാപ് പറയുന്നതിങ്ങനെ: ‘അടുത്തുള്ള പ്രദേശങ്ങളില്‍ നിന്നും ധാരാളം യുവാക്കള്‍ വരുന്ന ഒരു പാര്‍ക്കിലേക്കാണ് ഞങ്ങള്‍ പോയത്. നിലവിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാട് എന്തെന്ന് അറിയുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കര്‍ഷക പ്രതിസന്ധിയില്‍ നിന്നും ക്രമസമാധാനപ്രശ്‌നങ്ങളിലേക്ക് ചോദ്യങ്ങള്‍ മാറി. ഇടയ്ക്ക് ആരെങ്കിലും സര്‍ക്കാരിന് പ്രതികൂലമായി സംസാരിക്കുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജയ് വിളിക്കുകയും ‘ഭാരത് മാതാ കി ജയ്’ എന്ന് വിളിക്കുകയും ചെയ്തു. എന്നാല്‍ ഒരാളെ കിട്ടിയപ്പോള്‍ അവര്‍ എല്ലാ ദേഷ്യവും അയാള്‍ക്കുമേല്‍ തീര്‍ത്തു. രാഷ്ട്രീയ ലോക് ദള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. അവരും അക്രമത്തില്‍ പങ്കാളികളായി.’

നിലവിലെ സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്നതില്‍ പരാജയപ്പെട്ടു എന്ന് അദ്‌നാന്‍ പറയുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ ഇടയ്ക്കു കയറുകയും അദ്‌നാനെ മർദിക്കുകയും ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ‘സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകാന്‍ കുറേ സമയമെടുത്തു. അദ്ദേഹത്തെ വളരെ ക്രൂരമായി മര്‍ദ്ദിച്ചു. പക്ഷെ പൊലീസില്‍ പരാതിപ്പെടാന്‍ അദ്‌നാന് ഭയമാണ് എന്നാണ് മനസിലാക്കുന്നത്,’ പ്രതാപ് പറയുന്നു.

അദ്‌നാന്റെ ഭാഗത്തു നിന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് മുസാഫര്‍നഗര്‍ അഡീഷണല്‍ സൂപ്രണ്ട് സത്പാല്‍ പറയുന്നത്. ഇന്റര്‍നെറ്റില്‍ ഇങ്ങനെ വ്യക്തതയില്ലാത്ത ധാരാളം വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ വെളിച്ചത്ത് വരികയാണെങ്കില്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook