മുസാഫർനഗർ: നവജാത ശിശുവിനെ യുവതി തെരുവിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഉത്തർപ്രദേശിലെ മുസാഫർ നഗറിലാണ് സംഭവം. യുവതി കുഞ്ഞിനെ ഉപേക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാർത്താ ഏജൻസിയായ എഎൻഐയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.

ഗ്രേ നിറമുളള സാൻട്രോ കാറിലെത്തിയ യുവതി ഗ്ലാസ് താഴ്‌ത്തി കുഞ്ഞിനെ തെരുവിൽ ഉപേക്ഷിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. കുഞ്ഞിനെ ഉപേക്ഷിച്ച ഉടൻ തന്നെ കാർ അവിടെനിന്നും പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

കുഞ്ഞ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. കുഞ്ഞിന്റെ നില ഗുരുതരമാണെന്ന് ജില്ലാ ചീഫ് മെഡിക്കൽ ഓഫിസർ പറഞ്ഞു. കുഞ്ഞ് സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷയെന്നും ഓഫിസർ പറഞ്ഞു.

കഴിഞ്ഞ ഞായറാ‌ഴ്‌ച കേരളത്തിലും സമാനമായൊരു സംഭവം നടന്നിരുന്നു. നവജാത ശിശുവിനെ പളളിയിൽ ഉപേക്ഷിച്ച് ദമ്പതികൾ കടന്നുകളയുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ കുഞ്ഞിന്റെ അച്‌ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. തനിക്ക് മൂന്നു കുട്ടികളുണ്ടെന്നും നാലാമത്തെ കുട്ടിയുടെ ജനനം കളിയാക്കലുകൾ ഉണ്ടാക്കുമെന്ന് ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ