മുസഫർനഗർ: ഉത്തർപ്രദേശിൽ ഹോസ്റ്റൽ വാർഡൻ ആർത്തവ രക്തമുണ്ടോയെന്ന് പരിശോധിക്കാൻ എഴുപതോളം പെൺകുട്ടികളുടെ വസ്ത്രം അഴിപ്പിച്ചതായി പരാതി. ശുചിമുറിയിൽ രക്തം കണ്ടതിനെ തുടർന്നാണ് വനിതാ വാർഡൻ പെൺകുട്ടികളുടെ വസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയത്. മുസഫർനഗറിലെ കസ്‌തൂർബ ഗാന്ധി ഗേൾസ് റസിഡൻഷ്യൽ സ്‌കൂളിന്റെ ഹോസ്റ്റലിലാണ് സംഭവം.
ശുചിമുറിയിൽ രക്തം കണ്ടതിനെത്തുടർന്ന് എല്ലാവരേയും വാർഡൻ വിളിപ്പിക്കുകയും വസ്ത്രം മാറ്റാൻ ആവശ്യപ്പെടുകയുമായിരുന്നു. വസ്ത്രം മാറ്റാൻ വിസമ്മതിച്ചാൽ മർദ്ദിക്കുമെന്ന് ഭീഷണിയും ഉയർത്തിയാണ് വാർഡൻ പരിശോധന നടത്തിയതെന്ന് കുട്ടികൾ പറയുന്നു. വാർഡനെതിരെ പരാതിയുമായി കുട്ടികളുടെ മാതാപിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
സംഭവം തങ്ങൾക്ക് വളരെയധികം മാനക്കേടുണ്ടാക്കിയെന്നും വാർഡനെതിരെ നടപടിയെടുക്കണമെന്നും പെൺകുട്ടികൾ പറഞ്ഞു. സംഭവത്തെതുടർന്ന് വാർഡനെ സസ്‌പെൻഡ് ചെയ്‌തു. എന്നാൽ ഇങ്ങനെയൊന്നും നടന്നിട്ടില്ലെന്ന് പറഞ്ഞ വാർഡൻ സംഭവം നിഷേധിച്ചു.
ശുചിമുറിയുടെ തറയിലും ഭിത്തിയിലും രക്തം കണ്ടപ്പോൾ എല്ലാം ശരിയാണോയെന്ന് പരിശോധിക്കുക മാത്രമാണ് ചെയ്‌തതെന്നും വാർഡൻ പറയുന്നു. താൻ കുട്ടികളോട് ശാഠ്യം കാണിക്കുന്നതുകൊണ്ടാണ് കുട്ടികൾ ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നുമാണ് വാർഡന്റെ വിശദീകരണം.