ലക്‌നൗ: മുസാഫർനഗർ കലാപക്കേസിലെ പ്രതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സോദൻ സിങ്ങിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവിനെ കൊലപ്പെടുത്തിയതാണെന്ന് ചൂണ്ടിക്കാട്ടി മകൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ അനൂപ്, രാജേഷ്, സുനിൽ കുമാർ, രാംഗോപാൽ എന്നിവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഉത്തർപ്രദേശിലെ മുസാഫർനഗറിൽ 2013ൽ ഉടലെടുത്ത വർഗ്ഗീയ കലാപത്തിലെ പ്രതിയാണ് മരിച്ച സോദൻ സിങ്. കലാപത്തിൽ 60 പേരോളം കൊല്ലപ്പെടുകയും 40,000 പേരെ കാണാതാകുകയും ചെയ്തു. മരിച്ച സോദൻ സിങ് കലാപം കൂടാതെ ലൈംഗീക പീഡന കേസിലും പ്രതിയാണ്.