മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ കൈക്കുഞ്ഞിനെ കാറിൽ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞ് കടന്നുകളഞ്ഞ ദമ്പതിമാർ പിടിയിലായി. സർവർ (26) ഭാര്യ കൈസർ (24) എന്നിവരാണ് പിടിയിലായത്. മുസാഫർ  നഗർ പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ജൂൺ ആറിനാണ് ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും കൈക്കുഞ്ഞിനെ കൈസർ പുറത്തേക്ക് വലിച്ചെറിഞ്ഞത്. റോഡിൽ വീണ കുഞ്ഞ് കരയാൻ തുടങ്ങിയപ്പോഴാണ് സമീപത്തുളളവർ ഇത് ശ്രദ്ധിച്ചത്.

കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താൻ നാല് പൊലീസ് സംഘമാണ് രംഗത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്. ഇവരെ സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് തിരിച്ചറിഞ്ഞത്.

കാറിന്റെ റജിസ്ട്രേഷൻ നമ്പർ തിരിച്ചറിഞ്ഞ ശേഷമായിരുന്നു പൊലീസിന്റെ അന്വേഷണം.  ഫെബ്രുവരിയിലാണ് ഇവരുടെ വിവാഹം നടന്നത്. നാല് മാസത്തിനുളളിൽ പ്രസവിച്ചത് അറിഞ്ഞാൽ നാട്ടുകാർ കളിയാക്കുമെന്നതിനാലാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് ഇരുവരും പൊലീസിന് നൽകിയ മൊഴി.

ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 317 പ്രകാരം ഇരുവർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തു. കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ