ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ മൂന്ന് അറവുശാലകൾക്ക് തീയിട്ടതായി റിപ്പോർട്ട്. ഹത്രാസ് ജില്ലയിലെ അറവുശാലകളാണ് ആക്രമിക്കപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ആആദ്യ സംഭവം നടന്നതെന്ന് എൻ.ഡി.ടി.വി യാണ് റിപ്പോർട്ട് ചെയ്തത്.

ആരാണ് തീയിട്ടതെന്ന് കണ്ടെത്താനായില്ലെങ്കിലും ഹിന്ദു-മുസ്ലിം സമുദായങ്ങൾക്കിടയിൽ സമാധാനം പാടില്ലെന്ന് ആഗ്രഹിക്കുന്ന സാമൂഹ്യദ്രോഹികളാണ് അക്രമം നടത്തിയതെന്ന് തദ്ദേശവാസികൾ ആരോപിച്ചതായാണ് വിവരം. കടയുടെ പുകഞ്ഞുകൊണ്ടിരിക്കുന്ന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

അതേസമയം സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ കക്ഷികളിൽ ചിലർ ഇത് ബിജെപി ഗവൺമെന്റിന്റെ അറവുശാലകൾ ഇല്ലാതാക്കാനുള്ള നയപരിപാടിയുടെ ഭാഗമാണെന്ന് വിലയിരുത്തുന്നുണ്ട്. ഇതാദ്യമായല്ല ഇവിടെ അറവുശാലകൾ നശിപ്പിക്കപ്പെടുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

തിങ്കളാഴ്ച രണ്ട് അറവുശാലകൾ അലഹബാദിൽ അടച്ചുപൂട്ടിയിരുന്നു. അറവുശാല വിഷയത്തിൽ ഇടപെട്ട ഗാസിയ ബാദ് ഭരണകൂടം കഴിഞ്ഞ ദിവസം ഒരു അറവുശാല നിയമവിരുദ്ധമായി പ്രവർത്തിക്കുന്നത് കണ്ട് അടച്ചുപൂട്ടി. മറ്റ് നാല് ഇറച്ചിക്കടകൾക്കും ഇവർ താഴിട്ടു.

2011 ൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം പോത്തിറച്ചി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശ് ആണ് ഒന്നമതുള്ളത്. പ്രതിവർഷം ഏതാണ്ട് മൂന്ന് ലക്ഷം ടൺ ഇറച്ചിയാണ് ഇവർ ഉദ്പ്പാദിപ്പിക്കുന്നത്. ഇതിൽ 70 ശതമാനവും കയറ്റുമതി ചെയ്യപ്പെടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലടക്കം ഏറെ ആവശ്യക്കാരുള്ളതാണ് ഉത്തർപ്രദേശിൽ നിന്നുള്ള പോത്തിറച്ചി.

സമാനമായ നിലയിൽ യൂറോപ്യൻ രാജ്യങ്ങളിലേക്കും ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കും ഈ​ ഇറച്ചി വൻതോതിൽ കയറ്റുമതി ചെയ്യുന്നുണ്ട്. 2011 ൽ ഇന്ത്യയിലെ ആകെ ഉൽപ്പാദനം 8.5 ലക്ഷം ടണ്ണായിരുന്നു. ഇതിന്റെ 35 ശതമാനവും ഉത്തർപ്രദേശിൽ നിന്നായിരുന്നു.

ഇറച്ചി വിൽപ്പനയ്ക്ക് ഉത്തർപ്രദേശ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഈ രംഗത്തെ വിപണനം മുഴുവൻ താഴേയ്ക്ക് പോയി. മുൻപ് 2014 ൽ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് ഉത്തർപ്രദേശിലെ പ്രചാരണത്തിൽ യുപിഎ സർക്കാരിനെതിരെ ബിജെപി ആയുധമാക്കിയത് പിങ്ക് റെവല്യൂഷൻ എന്ന പേരിൽ ഇറച്ചി വ്യാപരത്തെയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ