ഇസ്‌ലാമാബാദ്: ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കിയത് പാക്കിസ്ഥാൻ സൈന്യത്തിന്റെ അറിവോടെയെന്ന ഇന്ത്യയുടെ പ്രസ്താവനയ്ക്കെതിരെ പാക്കിസ്ഥാൻ. ”ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കിയിട്ടില്ലെന്ന് പാക്കിസ്ഥാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുശേഷവുമുളള ഇന്ത്യയുടെ പ്രകോപനപരമായ പ്രസ്താവനകൾ അതിർത്തിയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കു”മെന്ന് പാക്കിസ്ഥാൻ വിദേശ ഓഫിസ് വക്താവ് നഫീസ് സഖറിയ പറഞ്ഞു.

ഇന്ത്യൻ സൈനികരുടെ മൃതദേഹം വികൃതമാക്കിയതിൽ പാക്ക് സൈന്യത്തിന് പങ്കില്ലെന്ന പാക്കിസ്ഥാന്റെ അവകാശവാദം വിശ്വസനീയമല്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി അരുൺ ജയ്റ്റ്‌ലി പറഞ്ഞിരുന്നു. പാക്കിസ്ഥാനു തക്ക തിരിച്ചടി നൽകുമെന്നും സൈന്യത്തിനു പൂർണസ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും ജയ്റ്റ്‌ലി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു നഫീസ് സഖറിയ.

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക്ക് റേഞ്ചേഴ്സ് നടത്തിയ ആക്രമണത്തിൽ സുബേധാർ പരംജിത് സിങ്, ബിഎസ്എഫ് ഹെഡ് കോൺസ്റ്റബിൾ പ്രേം സാഗർ എന്നീ സൈനികരാണ് കൊല്ലപ്പെട്ടത്. വെടിയേറ്റു വീണ സൈനികരുടെ ശിരഛേദം ചെയ്ത് മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ