ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയത് പാകിസ്താന്‍ മുന്‍കൂട്ടി ഒരുക്കിയ കെണിയായിരുന്നെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. കശ്മീരിലെ കൃഷ്ണ ഘാട്ടി മേഖലയില്‍ ശത്രുക്കള്‍ കുഴിബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നാണ് സൈന്യവും-ബിഎസ്എഫും സംയുക്തമായി തിരച്ചില്‍ നടത്തിയത്.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും 250 മീറ്ററോളം അകത്ത് കടന്ന് പാകിസ്താന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബിഎടി) പതിയിരിക്കുകയായിരുന്നു. ഇതേ സമയം പാക് സൈന്യം രണ്ട് സൈനിക പോസ്റ്റിന് നേരെ റോക്കറ്റുകളും മോട്ടാര്‍ ഷെല്ലുകളും ഉപയോഗിച്ച് ആക്രമണം നടത്തി. അപ്പോഴും ബിഎടി ടീം അവസരത്തിനായി കാത്തിരിക്കുകയായിരുന്നു.

ഇതിനിടെ പട്രോളിംഗ് നടത്തിയ സംഘവും പാക് സൈന്യത്തിനെതിരെ പ്രത്യാക്രമണം നടത്തി. ഇതിനിടെയാണ് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടത്. ഉടന്‍ തന്നെ ബിഎടി സംഘം മരിച്ചുകിടന്ന ഇരു സൈനികരുടേയും തലയറുത്ത് മാറ്റുകയായിരുന്നെന്ന് സൈനികത്തങ്ങള്‍ ഡല്‍ഹിയില്‍ വ്യക്തമാക്കി.

സ്ഥലത്ത് കുഴിബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ല. പട്രോളിംഗ് നടത്തുകയായിരുന്ന എട്ടംഗ സംഘത്തെയാണ് പാകിസ്താന്‍ ലക്ഷ്യം വച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങളോട് അനാദരവ് കാട്ടിയ സംഭവം നിഷേധിച്ച് പാക് സൈന്യം രംഗത്തെത്തിയിട്ടുണ്ട്. മറ്റൊരു സൈനികനെ പാകിസ്താന്‍ അനാദരിക്കില്ലെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. അത് ഇന്ത്യന്‍ സൈനികന്‍ ആണെങ്കില്‍ പോലും തങ്ങള്‍ അനാദരവ് കാണിക്കില്ലെന്ന് പാക് സൈന്യം അറിയിച്ചു.

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ട രണ്ടു ജവാന്മാരുടെ മൃതദേഹങ്ങളാണ് പാക്ക് സൈന്യം വികൃതമാക്കിയത്. രണ്ട് ജവാന്‍മാരുടെ തല വെട്ടിമാറ്റുകയായിരുന്നു. അതേസമയം, സംഭവത്തിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.

പാക്ക് സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ജൂനിയർ കമ്മിഷണർ ഓഫിസർ നയിബ് സുബേദാർ പരംജീത് സിങ്ങിന്റെയും ബിഎസ്എഫ് ഹെഡ് കോൺസ്റ്റബിൾ പ്രേം സാഗറിന്റെയും മൃതദേഹങ്ങളാണ് വികൃതമാക്കിയത്. കഴിഞ്ഞ നവംബറിൽ കശ്മീർ താഴ്‌വരയിലെ മാചിൽ സെക്ടറിലുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികന്റെ മൃതദേഹവും പാക്ക് സൈന്യം വികൃതമാക്കിയിരുന്നു.

പൂഞ്ച് ജില്ലയിലെ കൃഷ്ണ ഗാട്ടി സെക്ടറിലെ നിയന്ത്രണരേഖയിൽ പെട്രോളിങ് നടത്തുകയായിരുന്ന ജവാന്മാർക്കുനേരെയാണ് പ്രകോപനമില്ലാതെ പാക്ക് സൈന്യം ആക്രമണം നടത്തിയത്. ഇന്നു രാവിലെ 8.30 ഓടെ റോക്കറ്റും മോട്ടോർ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ