ഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം ജി ജോർജ് മുത്തൂറ്റ് അന്തരിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു.
വീട്ടിലെ സ്റ്റെയർ കെയ്സിൽ നിന്നും വീണ അദ്ദേഹത്തെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് 6.58 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
ന്യൂഡൽഹിയിലെ സെന്റ് ജോർജ്സ് ഹൈസ്കൂൾ ഡയറക്ടറായ സാറ ജോർജ് മുത്തൂറ്റാണ് ഭാര്യ. മുത്തൂറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് എം. ജോർജ്, ഗ്രൂപ്പ് ഡയറക്ടർ അലക്സാണ്ടർ ജോർജ്, പരേതനായ പോൾ മുത്തൂറ്റ് ജോർജ് എന്നിവരാണ് മക്കൾ.
എം ജി ജോർജിന്റെ നേതൃത്വത്തിലാണ് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ഫിനാൻസ് കമ്പനിയായി മാറിയത്. ഇന്ന് ലോകമെമ്പാടും 5,500 ഓളം ബ്രാഞ്ചുകൾ മുത്തൂറ്റിനുണ്ട്. ഇരുപതിലേറെ വ്യത്യസ്ത ബിസിനസുകളും മുത്തൂറ്റ് കമ്പനിയുടെ കീഴിലുണ്ട്.
2020 ൽ ജോർജ്ജ് മുത്തൂറ്റിനെ ഫോബ്സ് ഏഷ്യ മാഗസിൻ ഇന്ത്യയിലെ 26-ാമത്തെ സമ്പന്ന ഇന്ത്യക്കാരനും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മലയാളിയുമായി ജോർജ് മുത്തൂറ്റിനെ തിരഞ്ഞെടുത്തിരുന്നു.