ന്യൂ​ഡ​ൽ​ഹി: മുസ്ലിം സ്ത്രീകളുടെ വൈവാഹിക അവകാശ സംരക്ഷണത്തിനായി കേന്ദ്രസർക്കാർ മുന്നോട്ട് വച്ച മുത്തലാഖ് ബിൽ പരിഗണിക്കുന്നത് രാജ്യസഭ നാളത്തേക്ക് മാറ്റിയേക്കും. ലോക്‌സഭ ബിൽ പാസ്സാക്കിയിരുന്നു. രാജ്യസഭയിൽ ബിൽ പാസാക്കാൻ സാധിച്ചാലേ ഇത് നിയമമാകൂ. ബിൽ രാജ്യസഭയിലും പാസാവുകയാണെങ്കിൽ മു​ത്ത​ലാ​ഖ്, നി​യ​മ​വി​രു​ദ്ധ​വും മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വും പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​വുമാകും.

ബില്ലിനെ ചൊല്ലി പാർലമെന്റിൽ ശക്തമായ വാദപ്രതിവാദം നടന്നിരുന്നു. ഇക്കാര്യത്തിൽ സൂക്ഷ്മ പരിശോധന ആവശ്യമാണെന്ന് സിപിഎമ്മും കോൺഗ്രസും ഒരു പോലെ ആവശ്യപ്പെട്ടിരുന്നു. ബിൽ ശുപാർശകൾ പാർലമെന്റിന്റെ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിവാഹമോചനം സിവിൽ നിയമമാണെന്നും ക്രിമിനൽ കുറ്റമാക്കുന്ന തീരുമാനം ശരിയല്ലെന്നുമുള്ള ഇവരുടെ വാദം ലോക്‌സഭയിൽ ചർച്ച ചെയ്ത ശേഷം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ രാജ്യസഭയിലെ തീരുമാനങ്ങൾ നിർണ്ണായകമാകുന്നത്.

സമാജ്‌വാദി പാർട്ടി, രാഷ്ട്രീയ ജനതാദൾ, അണ്ണാ ഡിഎംകെ, ബിജു ജനതാദൾ തുടങ്ങിയ പാർട്ടികളും ബില്ലിനെ എതിർത്ത് നിലപാട് സ്വീകരിച്ചിരുന്നു. സ്ത്രീസമത്വം ലക്ഷ്യമിടുന്ന ബില്ലാണിതെന്ന വാദമാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് കഴിഞ്ഞദിവസം ലോക്‌സഭയിൽ ഉന്നയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook