ന്യൂഡൽഹി: നരേന്ദ മോദി സർക്കാരിനെ അട്ടിമറിച്ച് 2019 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയും സഖ്യകക്ഷികളും അധികാരത്തിൽ എത്തണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

”മോദി ഭരണത്തിന് തടയിടാൻ കോൺഗ്രസ് പാർട്ടിക്കും അതിന്റെ സഖ്യ കക്ഷികൾക്കും മാത്രമേ സാധിക്കൂവെന്നാണ് ജനങ്ങൾ കരുതുന്നത്. അവരുടെ വാക്കുകൾക്ക് ചെവി കൊടുക്കുന്ന, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്ന, ദാരിദ്ര്യം, തൊഴിലില്ലായ്മ, അസമത്വം എന്നിവയ്ക്ക് പരിഹാരം കണ്ടെത്തുന്ന കോൺഗ്രസ് പാർട്ടി അധികാരത്തിലെത്താനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. മാന്യമായ ജീവിതവും മാന്യമായ വരുമാനവും തങ്ങൾക്ക് ലഭിക്കുമെന്ന ഇന്ത്യയിലെ കർഷകരുടെയും യുവാക്കളുടെയും പ്രത്യാശയെ കോൺഗ്രസ് പാർട്ടി പുനരുജ്ജീവിക്കണം”, രാഹുൽ പറഞ്ഞു. ഇന്ത്യൻ ഭരണഘടനയെ ചവിട്ടിമെതിക്കുന്ന വിദ്വേഷത്തിൻറെയും ഭിന്നതയുടെയും അക്രമത്തിന്റെയും ശക്തികളെ വീണ്ടും അധികാരത്തിൽ എത്തുന്നത് തടയണമെന്നും രാഹുൽ പറഞ്ഞു.

”നരേന്ദ്ര മോദിയുടെ ഭരണത്തിൽ അഴിമതിയും സാമ്പത്തിക തകർച്ചയും അതിന്റെ ഉച്ചസ്ഥായിലെത്തിയിരിക്കുന്നു. നിലവിലെ മോദി ഭരണത്തിൽ ജനങ്ങൾക്ക് അമർഷമുണ്ട്. ഇന്ത്യയിലെ ജനങ്ങൾ അർഹിക്കുന്ന ബദൽ ഭരണം നൽകാൻ നാം കഠിനമായി പ്രയത്നിക്കണം. മോദിയുടെ വ്യാജ വാഗ്‌ദാനമായ അച്ഛേ ദിന്നിന് ബദലായിരിക്കണം അത്”, രാഹുൽ പറഞ്ഞു.

ജനാധിപത്യത്തെ ബിജെപിയും ആർഎസ്എസും ചേർന്ന് തകർക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. ”ആർഎസ്എസും ബിജെപിയും അധികാരത്തിൽ എത്തിയതോടെ നമ്മുടെ ഓരോ സ്ഥാപനങ്ങളുടെയും വ്യവസ്ഥിതിക്കുനേരെ ആക്രമണമുണ്ടായി. ആധുനിക ഇന്ത്യയിൽ ഈ സ്ഥാപനങ്ങൾ ജനാധിപത്യത്തിന്റെ ക്ഷേത്രങ്ങൾ എന്നു വിളിക്കപ്പെടുന്നു. അവയിലെ ഓരോന്നിനെയും നശിപ്പിക്കാനാണ് ഇന്ന് ആർഎസ്എസ് ഉദ്ദേശ്യം. എല്ലാ സ്ഥാപനങ്ങളിലും അവരുടെ ആൾക്കാർ നുഴഞ്ഞു കയറി ആ സ്ഥാപനങ്ങളുടെ സ്വാഭാവികതയെ മാറ്റിമറിച്ചു”വെന്നും രാഹുൽ പറഞ്ഞു.

അസമിലെ ദേശീയ പൗരത്വ റജിറ്റർ വിഷയത്തെക്കുറിച്ചും രാഹുൽ സംസാരിച്ചു. ”വളരെ പ്രധാനപ്പെട്ടൊരു പ്രശ്നമാണിത്. അവിടുത്തെ ജനങ്ങൾക്ക് ഇതോടെ വലിയ രീതിയിൽ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുണ്ട്. അവിടുത്തെ ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണം”.

നരേന്ദ്ര മോദിയുടെ അച്ഛേ ദിൻ വാക്കുകളെയും രാഹുൽ പരിഹസിച്ചു. ”സ്വാതന്ത്ര്യം കിട്ടി 70 വർഷമായിട്ടും ഇന്ത്യ ഇപ്പോഴും സ്‌ലോ പാസഞ്ചർ ട്രെയിനിനെ പോലെയാണെന്നാണ് 2014 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ മോദിജി പറഞ്ഞത്. മോദിയുടെ ഭരണത്തിൽ മാജിക്കൽ ട്രെയിൻ അച്ഛേ ദിൻ രൂപത്തിൽ വരുമെന്ന് കരുതി. മോദി ഭരണം നാലു വർഷം കഴിഞ്ഞപ്പോൾ ഇന്ത്യയുടെ അവസ്ഥ യാത്രക്കാർക്ക് എന്തു പറ്റിയാലും താൻ ഉത്തരവാദിയല്ലെന്ന് കരുതുന്ന ഏകാധിപതിയും കഴിവില്ലാത്തവനും അഹങ്കാരിയുമായ ഡ്രൈവർ ഓടിക്കുന്ന ട്രെയിൻ പോലെയായെന്നും” രാഹുൽ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ