ന്യൂഡൽഹി: രാജ്യത്തെ ടെലിവിഷൻ ചാനലുകൾക്കുള്ള പുതുക്കിയ മാർഗനിർദേശങ്ങൾക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ദേശീയവും പൊതുതാൽപര്യവുമുള്ള വിഷയങ്ങളിൽ ചാനലുകൾ പ്രോഗ്രാമുകൾ സംപ്രേഷണം ചെയ്യണമെന്നത് നിർബന്ധമാക്കി. ചാനലുകൾക്ക് അത്തരം ഉള്ളടക്കം സങ്കൽപ്പിക്കാനും സൃഷ്ടിക്കാനും സമയം നൽകുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.
പുതിയ മാർഗനിർദേശപ്രകാരം ദിവസവും കുറഞ്ഞത് 30 മിനിറ്റ് ദൈർഘ്യമുള്ള ദേശീയവും പൊതുതാൽപ്പര്യവുമുള്ള വിഷയങ്ങളിൽ പ്രോഗ്രാമുകൾ സംപ്രേഷണം ചെയ്യണം. ഉള്ളടക്കം സൃഷ്ടിക്കുന്നതിനായി ചാനലുകൾക്ക് വിദ്യാഭ്യാസം, കൃഷി, ആരോഗ്യവും കുടുംബക്ഷേമവും, സയൻസ് ആൻഡ് ടെക്നോളജി, സ്ത്രീകളുടെ ക്ഷേമം തുടങ്ങിയവ അടക്കം എട്ട് തീമുകൾ നൽകിയിട്ടുണ്ട്.
ഇത്തരം വിഷയങ്ങളിൽ ചാനലുകൾ പ്രോഗ്രാമുകൾ നൽകുന്നുണ്ടോയെന്ന് മന്ത്രാലയം പരിശോധിക്കും. ആരെങ്കിലും നൽകുന്നില്ലെങ്കിൽ അവരിൽനിന്നും വിശദീകരണം തേടും. മാർഗനിർദേശത്തിൽ ഒഴിവാക്കിയതായി പ്രത്യേകം സൂചിപ്പിച്ചവ ഒഴികെയുള്ള എല്ലാ ചാനലുകൾക്കും ഈ നിബന്ധന ബാധകമാണ്. ഇതുമായി ബന്ധപ്പെട്ട വിശദമായ നിർദേശം ഉടൻ പുറപ്പെടുവിക്കുമെന്ന് അധികൃതർ പറഞ്ഞു.
സ്‌പോർട്‌സ് ചാനലുകളുടെ കാര്യത്തിൽ തത്സമയ സംപ്രേഷണം കൂടാതെ വൈൽഡ് ലൈഫ് ചാനലുകൾക്കും വിദേശ ചാനലുകൾക്കും ഇളവ് ബാധകമാകുമെന്ന് അധികൃതർ അറിയിച്ചു. പരിപാടികളുടെ തത്സമയ സംപ്രേക്ഷണത്തിന് ടിവി ചാനലുകൾക്ക് മുൻകൂർ അനുമതി ആവശ്യമില്ലെന്നും മാർഗ്ഗനിർദേശത്തിൽ പറയുന്നു. ഇന്ത്യയിൽ ടെലിപോർട്ടുകളുള്ള കമ്പനികൾക്ക് ഇനി വിദേശ ചാനലുകൾ രാജ്യത്ത് നിന്ന് സംപ്രേഷണം ചെയ്യാം. ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മറ്റ് രാജ്യങ്ങളുടെ ടെലിപോർട്ട് ഹബ്ബായി ഇന്ത്യയെ മാറ്റുമെന്നും അധികൃതർ പറഞ്ഞു.
പുതിയ മാർഗനിർദേശപ്രകാരം ഒരു വാർത്താ ഏജൻസിക്ക് നിലവിലെ ഒരു വർഷത്തിൽ നിന്ന് അഞ്ച് വർഷത്തേക്ക് അനുമതി നേടാനും അനുവദിക്കുന്നുണ്ട്.