ന്യൂഡൽഹി: രാഷ്ട്രീയ എതിരാളികളോട് പോരാടണമെന്നും പക്ഷേ അവരോട് വെറുപ്പ് പാടില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പാർലമെന്റിൽ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചുളള പ്രസംഗത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തതിനെ കുറിച്ചായിരുന്നു രാഹുലിന്റെ പരാമർശം.

മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിന്റെ ‘ദി ഡെവിൾസ് അഡ്വക്കേറ്റ്’ എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയപ്പോഴായിരുന്നു രാഹുൽ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടിനെക്കുറിച്ച് വിവരിച്ചത്. ചടങ്ങിൽ എൽ.കെ.അഡ്വാനിയും പങ്കെടുത്തിരുന്നു.

‘നിങ്ങൾക്ക് ആരോട് വേണമെങ്കിലും പോരാടാം. പക്ഷേ ഒരാളെ വെറുക്കുകയെന്നത് നിങ്ങളുടെ ചോയിസാണ്. എനിക്ക് അഡ്വാനിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. അതിനെച്ചൊല്ലി ഞാനദ്ദേഹവുമായി വാക്കുതർക്കങ്ങൾ ഉണ്ടാകും. പക്ഷേ അതിന്റെ പേരിൽ ഞാൻ അദ്ദേഹത്തെ വെറുക്കേണ്ടതില്ല. അദ്ദേഹത്തെ എനിക്ക് ആലിംഗനം ചെയ്യാം’, രാഹുൽ പറഞ്ഞു. ഞാൻ ആലിംഗനം ചെയ്യുമെന്ന് കരുതി ബിജെപി എംപിമാർ ഇപ്പോൾ എന്നെക്കാണുമ്പോൾ രണ്ടു സ്റ്റെപ്പ് പുറകിലേക്ക് പോവുകയാണെന്നും തമാശരൂപേണ രാഹുൽ പറഞ്ഞു.

എന്റെ സുഹൃത്ത് സീതാറാം യെച്ചൂരി ഇവിടെ ഇരിപ്പുണ്ട്. ഞങ്ങൾ ഒരുമിച്ച് നിന്ന് രാഷ്ട്രീയ എതിരാളികളോട് പോരാടും, പക്ഷേ ഞങ്ങൾ അവരെ വെറുക്കില്ല. ബിജെപി നേതാക്കളും ഇതേ രീതിയിൽ ചിന്തിക്കുമോയെന്ന് തനിക്കറിയില്ലെന്നും രാഹുൽ പറഞ്ഞു..

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, കോൺഗ്രസ് നേതാക്കളായ സൽമാൻ ഖുർഷീദ്, ആർ.പി.എൻ.സിങ്, മുൻ വൈസ് പ്രസിഡന്റ് ഹാമിദ് അൻസാരി, ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്, എംപിമാരായ നരേഷ് ഗുജ്റാൽ, അഹമ്മദ് പട്ടേൽ, ദിഗ്‌വിജയ് സിങ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook