ലക്‌നൗ: കുംഭ മേളയ്‌ക്ക് വേണ്ടി റോഡിന് വീതി കൂട്ടുന്നതിനെ തുടര്‍ന്ന് അലഹബാദില്‍ മുസ്‌ലിങ്ങള്‍ പളളികളുടെ മുന്‍ഭാഗങ്ങള്‍ സ്വമേധയാ പൊളിച്ചു നീക്കി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ റോഡിന് വീതി കൂട്ടുമെന്ന് പളളി അധികാരികളോട് അറിയിച്ചിരുന്നു. ‘ഞങ്ങള്‍ സ്വമേധയാ ആണ് പള്ളിയുടെ മുന്‍ ഭാഗങ്ങള്‍ പൊളിച്ച് നീക്കിയത്. സര്‍ക്കാരിന്റെ സ്ഥലത്താണ് പള്ളി പണിതിട്ടുളളത്. കുംഭ മേളയ്‌ക്ക് മുന്നോടിയായി സര്‍ക്കാര്‍ റോഡിന് വീതി കൂട്ടുന്നുണ്ട്. ഞങ്ങളും അതിനെ പിന്തുണയ്‌ക്കുന്നു’, അലഹബാദിലെ ഒരു പ്രദേശവാസി എഎന്‍ഐയോട് പറഞ്ഞു.

2019 ജനുവരിയില്‍ മകര സംക്രാന്തിയോടെയാണ് കുംഭ മേളയ്‌ക്ക് തുടക്കമാവുക. അലഹബാദില്‍ കുംഭ മേളയ്‌ക്കുളള ഒരുക്കങ്ങള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടാണ് നോക്കി നടത്തുന്നത്. കുംഭ മേളയ്‌ക്ക് ആഗോള ശ്രദ്ധ കിട്ടാന്‍ കഴിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്‌തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘കുംഭ മേളയുടെ തെറ്റായ ചിത്രമാണ് കഴിഞ്ഞ കാലങ്ങളില്‍ അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ മോദിയുടെ ഇടപെടലോടെ കുംഭ മേളയ്‌ക്ക് രാജ്യാന്തര ശ്രദ്ധ ലഭിക്കുകയാണ്. എല്ലാവരും മോദിയോടാണ് നന്ദി പറയേണ്ടത്’, യോഗി ആദിത്യനാഥ് പറഞ്ഞു.

ദേശീയ- രാജ്യാന്തര തലങ്ങളില്‍ കുംഭ മേള ഉയര്‍ത്തി കാട്ടാനുളള ശ്രമങ്ങള്‍ ഉത്തര്‍പ്രദേശ് ടൂറിസം വിഭാഗം ആരംഭിച്ചിട്ടുണ്ട്. കുംഭമേളയുടെ ആരംഭം അറിയിച്ച പ്രഖ്യാപനം നടത്തിയത് ബ്രിട്ടീഷ് പാര്‍ലമെന്റിലായിരുന്നു. ലണ്ടനില്‍ ഒരാഴ്‌ച നീണ്ട റോഡ് ഷോകളും പരിപാടികളും നടത്തുകയും ചെയ്‌തു. ലോകത്തെ ഏറ്റവും വലിയ മതപരമായ ഒത്തു ചേരല്‍ എന്ന നിലയിലാണ് കുംഭ മേളയെ അവതരിപ്പിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ