ന്യൂഡൽഹി: മുസ്‌ലീങ്ങൾ ഇന്ത്യയിൽ താമസിക്കാൻ പാടില്ലെന്ന ബിജെപി എംപിയുടെ പ്രസ്താവന വിവാദമാകുന്നു. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവേയാണ് ബിജെപി എംപി വിനയ് കത്യാർ വിവാദ പ്രസ്താവന നടത്തിയത്.

”മുസ്‌ലിങ്ങൾ ഇന്ത്യയിൽ ജീവിക്കാൻ പാടില്ല. ജനസംഖ്യയുടെ പേരിൽ രാജ്യത്തെ വിഭജിച്ചവരാണ് അവർ. അങ്ങനെയുളളവർ ഇവിടെ ജീവിക്കേണ്ടതിന്റെ ആവശ്യം ഇല്ല. അവർക്ക് സ്ഥലം നൽകിയിട്ടുണ്ട്. അവർ ബംഗ്ലാദേശിലേക്കോ പാക്കിസ്ഥാനിലേക്കോ പോകണം”, കത്യാർ പറഞ്ഞു.

വന്ദേ മാതരത്തെ ബഹുമാനിക്കാത്തവരെ ശിക്ഷിക്കുന്നതിന് ബിൽ കൊണ്ടുവരുമെന്നും എംപി വ്യക്തമാക്കി. വന്ദേമാതരത്തെയും ദേശീയ പതാകയെയും ബഹുമാനിക്കാത്തവരെയും പാക്കിസ്ഥാൻ പതാക ഉയർത്തുന്നവരെയും ശിക്ഷിക്കുന്നതിനുളള ബിൽ കൊണ്ടുവരുമെന്നും എംപി പറഞ്ഞു.

ഇന്ത്യൻ മുസ്‌ലീങ്ങളെ പാക്കിസ്ഥാനി എന്നു വിളിക്കുന്നതിനെതിരെ നിയമം കൊണ്ടുവരണമെന്ന എഐഎംഐഎം തലവൻ അസാദുദ്ദീൻ ഉവൈസിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ബിജെപി എംപിയുടെ വിവാദ പ്രസ്താവന. ഇന്ത്യയിൽ ജനിച്ച മുസ്‌ലിം ആയ ഒരാളെ പാക്കിസ്ഥാനി എന്നു വിളിക്കുന്നവർക്ക് 3 വർഷം ജയിൽ ശിക്ഷ ലഭിക്കുന്ന നിയമം കൊണ്ടുവരണമെന്നായിരുന്നു ഉവൈസി ആവശ്യപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ