ലക്‌നൗ: മുസ്‌ലിങ്ങള്‍ മൃതശരീരം ദഹിപ്പിക്കണമെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. ഉത്തര്‍പ്രദേശില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് സാക്ഷി മഹാരാജിന്റെ വിവാദ പരാമര്‍ശം. റംസാന് വൈദ്യുതിയുണ്ടെങ്കിൽ, ദീപാവലിക്കും വൈദ്യുതി വേണമെന്ന നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് പിന്തുണയർപ്പിച്ചു കൊണ്ടായിരുന്നു സാക്ഷി മഹാരാജിന്റെ പ്രസ്താവന.
ഖബര്‍സ്ഥാനിലായാലും അല്ലെങ്കില്‍ ശ്മശാനത്തിലായാലും ആരെയും കുഴിച്ചുമൂടേണ്ടതില്ല. ഇന്ത്യയില്‍ മരണത്തിനുശേഷം സ്മാരകം പണിയേണ്ട രണ്ട് രണ്ടരക്കോടി സന്യാസിമാരുണ്ട്. അതിന് ഭൂമിവേണം. ഇവിടെ 20കോടി മുസ്‌ലീങ്ങളുണ്ട്. ഇവര്‍ക്കെല്ലാം ശവക്കുഴികള്‍ വേണം. എവിടെയാണ് ഹിന്ദുസ്ഥാനില്‍ ഇത്രയും ഭൂമി. അതിനാലാണ് മൃതദേഹം ദഹിപ്പിക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നതെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
മുസ്ലിം രാജ്യങ്ങളില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ മൃതദേഹം ദഹിപ്പിക്കാറാണുള്ളതെന്നും സാക്ഷ് മഹാരാജ് കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ കുപ്രസിദ്ധനാണ് സാക്ഷി മഹാരാജ്. നേരത്തേയും വര്‍ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ ഇയാള്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.