ബെംഗളൂരു : കോണ്‍ഗ്രസുമായി ബന്ധമുള്ള മുസ്ലീംങ്ങളെല്ലാം കൊലപാതകികളാണ് എന്നാരോപിച്ചുകൊണ്ട് പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവായ കെഎസ് ഈശ്വരപ്പ. കര്‍ണാടകത്തിലെ തുംകൂറില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ച നേതാവ് തന്‍റെ പാര്‍ട്ടിയിലുള്ള മുസ്ലീംങ്ങള്‍ ‘നല്ല മുസ്ലീംങ്ങള്‍’ ആണെന്നും പറഞ്ഞു.

” 22 ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരെ കൊന്ന മുസ്ലീംങ്ങള്‍ കോണ്‍ഗ്രസിലാണ് ഉള്ളത്. നല്ല മുസീംങ്ങള്‍ എല്ലാവരും ബിജെപിയിലും.” ചൊവ്വാഴ്ച വിവിധ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാരോടായി അദ്ദേഹം പറഞ്ഞു.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുമായി ബന്ധത്തിലാണ് എന്ന് നേരത്തെയും സംഘപരിവാര്‍ സംഘടനകള്‍ ആരോപിക്കുന്നുണ്ടായിരുന്നു.

ആസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മിനോട്‌ ബിജെപി രഹസ്യധാരണയിലാണ് എന്ന കോണ്‍ഗ്രസ് ആരോപണം തെളിയിക്കുന്ന രേഖകള്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യ തയ്യാറാകണം എന്നും ഈശ്വരപ്പ വെല്ലുവിളിച്ചു.

വികസനം മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പ് നേരിടാനാകാത്തതിനാല്‍ കോണ്‍ഗ്രസ് കര്‍ണാടകയില്‍ ഭിന്നിപ്പിന്‍റെ രാഷ്ട്രീയം പയറ്റി നോക്കുകയാണ് എന്നും ബിജെപി നേതാവ് ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ