ഹൈദരാബാദ്: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ ദാരുണമായി കൊല്ലപ്പെട്ടപ്പോള്‍ ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ സന്തോഷിച്ചുവെന്ന് ബിജെപിയുടെ തെലങ്കാനയില്‍ നിന്നുള്ള എംഎല്‍എ രാജാസിങ്. ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവെയാണ് രാജാ സിങ്ങിന്റെ വിവാദ പ്രസ്താവന.

മുമ്പും നിരവധി വിവാദ പ്രസംഗങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് രാജാ സിങ്. ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ 40 ജവാന്മാര്‍ രക്തസാക്ഷികളായപ്പോള്‍ ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സന്തോഷം പ്രകടിപ്പിച്ചു എന്നാണ് രാജാ സിങ് പറഞ്ഞത്. പ്രധാനമന്ത്രി ഒരു പത്ത് മിനിറ്റ് തന്നാല്‍ എല്ലാ ഭീകരരെയും ഒറ്റയടിക്ക് ഇല്ലാതാക്കാമെന്നും രാജാസിങ് പറഞ്ഞു.

‘മോദി ജീ നിങ്ങള്‍ ഇന്ത്യന്‍ പട്ടാളത്തിന് നല്‍കിയ സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് തരൂ. എല്ലാ തീവ്രവാദികളെയും കൊന്നു തരാം. രാജ്യത്തിന് പുറത്തുള്ളവരെയും അകത്തുള്ളവരെയും’ രാജാസിങ് പറഞ്ഞു. പാക്കിസ്ഥാനെ ഇല്ലാതാക്കി കളയണമെന്നും ഇന്ത്യയിലെ ഭാവി തലമുറ ‘എവിടെയായിരുന്നു പാക്കിസ്ഥാന്‍ ഉണ്ടായിരുന്നത്,’ എന്നു ചോദിക്കണമെന്നും രാജാസിങ് പറഞ്ഞു.

ടെന്നിസ് താരം സാനിയ മിര്‍സയെ തെലങ്കാന ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്ന് പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാജാസിങ് പറഞ്ഞിരുന്നു. സാനിയ മിര്‍സ പാക്കിസ്ഥാന്റെ മരുമകളാണ്. സാനിയയ്ക്ക് പകരം മറ്റാരെയെങ്കിലും ആ പദവി ഏല്‍പ്പിക്കണമെന്നും രാജാ സിങ് പറഞ്ഞു. വിദ്വേഷപ്രസംഗങ്ങളുടെ പേരില്‍ 30 ഓളം കേസുകളാണ് രാജാസിങ്ങിന്റെ പേരിലുള്ളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ