ന്യൂഡല്‍ഹി: 1000 വർഷത്തിലേറെയായി രാജ്യത്തെ ഹിന്ദു സമൂഹം യുദ്ധത്തിലേർപ്പെടുകയാണെന്നും ഒടുവില്‍ സംഘപരിവാറിന്റെ പിന്തുണയോടെ ഉയര്‍ത്തെഴുന്നേറ്റെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്.
“ഹിന്ദു സമൂഹം 1,000 വർഷത്തിലേറെയായി യുദ്ധത്തിലാണ്. ഈ പോരാട്ടം വിദേശ ആക്രമണങ്ങൾക്കും സ്വാധീനങ്ങൾക്കും ഗൂഢാലോചനകൾക്കുമെതിരെയാണ്. സംഘപരിവാര്‍ ഇതിന് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. യുദ്ധത്തിൽ ഏർപ്പെടുന്നവർ ആക്രമണോത്സുകത പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്,” ആർഎസ്എസ് അനുബന്ധ മാസികകളായ ഓർഗനൈസർ, പാഞ്ചജന്യ എന്നിവയ്ക്ക് നൽകിയ അഭിമുഖത്തിൽ ഭാഗവത് പറഞ്ഞു.
“ഈ യുദ്ധം പുറത്തുള്ള ശത്രുവിനെതിരെയല്ല, മറിച്ച് ഉള്ളിലെ ശത്രുവിനെതിരെയാണ്. അതിനാൽ ഹിന്ദു സമൂഹത്തെയും ധർമ്മത്തെയും സംസ്കാരത്തെയും സംരക്ഷിക്കാനാണ് യുദ്ധം. ഇതൊരു യുദ്ധമായതിനാൽ ആളുകൾക്ക് അമിതാവേശമുണ്ടാകാൻ സാധ്യതയുണ്ട്,” ഭാഗവത് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിൽ മുസ്ലീങ്ങള്‍ക്ക് ഭയപ്പെടാനൊന്നുമില്ലെന്നും എന്നാൽ മേൽക്കോയ്മയുടെ അവകാശവാദം അവർ ഉപേക്ഷിക്കണമെന്നും ഭാഗവത് ആവശ്യപ്പെട്ടു. “ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായി തുടരണം. ഭാരതത്തിൽ ഇന്ന് ജീവിക്കുന്ന മുസ്ലീങ്ങൾക്ക് ഒരു ദോഷവും സംഭവിക്കില്ല. അവരുടെ വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് കഴിയും,” അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ ഒരു ഉന്നത വംശത്തിൽ പെട്ടവരാണ്, ഞങ്ങൾ ഒരിക്കൽ ഈ ദേശം ഭരിച്ചു, വീണ്ടും ഭരിക്കും, നമ്മുടെ വഴി മാത്രം ശരിയാണ്, ബാക്കി എല്ലാവരും തെറ്റാണ്. ഞങ്ങൾ വ്യത്യസ്തരാണ്, അതിനാൽ ഞങ്ങൾ അങ്ങനെ തന്നെ തുടരും എന്നിങ്ങനെയുള്ള വിവരണങ്ങള്‍ ഉപേക്ഷിക്കാന്‍ മുസ്ലീങ്ങള്‍ തയാറാകണം,” ഭാഗവത് പറഞ്ഞു.
ഒരു സാംസ്കാരിക സംഘടനയാണെങ്കിലും രാഷ്ട്രീയ വിഷയങ്ങളിൽ നിന്ന് ബോധപൂര്‍വം തന്നെ ആർഎസ്എസ് അകന്നുനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ നയങ്ങളെയും താത്പര്യങ്ങളെയും ഹിന്ദു താത്പര്യങ്ങളെയും ബാധിക്കുന്ന കാര്യങ്ങളിലാണ് എപ്പോഴും ഇടപെടുന്നതെന്ന് ഭഗവത് പറഞ്ഞു.
“ഒരേയൊരു വ്യത്യാസം, മുന്‍പ് നമ്മുടെ സ്വയംസേവകർ രാഷ്ട്രീയ സ്ഥാനങ്ങളിൽ ഉണ്ടായിരുന്നില്ല എന്നതാണ്. ഇപ്പോള്‍ അങ്ങനെയല്ല. പക്ഷേ, ഒരു രാഷ്ട്രീയ പാർട്ടിയിലൂടെ തന്നെ നിലപാടുകളിൽ എത്തിയവരാണ് സ്വയംസേവകരെന്ന് ആളുകൾ മറക്കുന്നു. സ്വയംസേവകർ രാഷ്ട്രീയത്തിൽ എന്ത് ചെയ്താലും അതിന് സംഘത്തിന് ഉത്തരവാദിത്തമുണ്ട്. സംഘത്തിന് ആത്യന്തികമായി ചില ഉത്തരവാദിത്തങ്ങളുണ്ട്. നമ്മുടെ ബന്ധം എന്തായിരിക്കണം, ദേശീയ താത്പര്യങ്ങള്‍ നിലനിര്‍ത്താന്‍ ഏതൊക്കെ കാര്യങ്ങൾ ശ്രദ്ധയോടെ പിന്തുടരണം തുടങ്ങിയവ,” അദ്ദേഹം പറഞ്ഞു.