വഡോദര: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യത്ത് ശക്തമായി തുടരവെ വിവാദ പ്രസ്താവനയുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. മുസ്‌ലിങ്ങള്‍ക്കു ജീവിക്കാന്‍ 150 രാജ്യങ്ങളുണ്ടെന്നും ഹിന്ദുക്കള്‍ക്ക് ഒന്നേയുള്ളൂ, അതു ഭാരതമാണെന്നുമായിരുന്നു വിജയ് രൂപാനിയുടെ പ്രസ്താവന.

”ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ സന്തുഷ്ടരാണ്, അവരുടെ ജനസംഖ്യ ഒമ്പതു ശതമാനത്തില്‍ നിന്നു 14 ശതമാനമായി ഉയര്‍ന്നു. മതേതര ഭരണഘടന കാരണം അവര്‍ ഇന്ത്യയില്‍ മാന്യമായ ജീവിതം നയിക്കുന്നു,” വിജയ് രൂപാനി പറഞ്ഞു. അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”പാകിസ്ഥാനിലെ ഹിന്ദുജനസംഖ്യ 22 ശതമാനത്തില്‍നിന്നു മൂന്നായി കുറഞ്ഞു.
കാരണം അവര്‍ പീഡിപ്പിക്കപ്പെടുന്നു, ബലാത്സംഗം ചെയ്യപ്പെടുന്നു, അവരുടെ സ്വത്തുക്കള്‍ നശിപ്പിക്കപ്പെടുന്നു. അവര്‍ വളരെ മുന്‍പേ ഇന്ത്യയിലേക്കു മടങ്ങി. പക്ഷേ ഇന്ത്യന്‍ പൗരന്മാരല്ലാത്തതിനാല്‍ അവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ജനസംഖ്യയുടെ വെറും രണ്ട് ശതമാനം മാത്രമാണ്. അഫ്ഗാനിസ്ഥാനില്‍ ഹിന്ദുക്കളുടെയും സിഖുകാരുടെയും എണ്ണം 500 ആണ്. നേരത്തെ രണ്ടു ലക്ഷത്തില്‍ കൂടുതലായിരുന്നു ഇത്,”വിജയ് രൂപാനി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ പ്രതിപക്ഷമാണെന്നു വിജയ് രൂപാനി കുറ്റപ്പെടുത്തി. ”കോണ്‍ഗ്രസും സഖ്യകക്ഷികളും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും കലാപവും പൊതുസ്വത്ത് നശിപ്പിച്ചും രാജ്യത്ത് അശാന്തി സൃഷ്ടിക്കുന്നു. എനിക്കു കോണ്‍ഗ്രസിനോട് ഒന്നു ചോദിക്കാനുണ്ട്. രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ പൗരത്വ ഭേദഗതി നിയമം എങ്ങനെ മഹാത്മാഗാന്ധി പറഞ്ഞതിന് എതിരാകും..ഈ മൂന്നു രാജ്യങ്ങളില്‍നിന്നുള്ള ഹിന്ദുക്കള്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുവെങ്കിലോ.”

ബിജെപിയുടെ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ എന്‍ആര്‍സിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അംഗീകരിച്ച രൂപാനി, സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി പ്രഖ്യാപിച്ചിരുന്നതായും വ്യക്തമാക്കി. ”രാമക്ഷേത്രം പണിയുമെന്നും മുത്തലാക്ക് നിര്‍ത്തലാക്കുമെന്നും പറഞ്ഞിരുന്നു. അഭയാര്‍ഥികള്‍ക്കു പൗരത്വം നല്‍കാന്‍ സിഎഎ നടപ്പാക്കും, എന്‍ആര്‍സി നടപ്പാക്കും, നുഴഞ്ഞുകയറ്റക്കാരെ തിരിച്ചയക്കും എന്ന് പറഞ്ഞിരുന്നു. ജനങ്ങള്‍ ജനാധിപത്യപരമായി ബിജെപിയെയും സഖ്യകക്ഷികളെയും അധികാരത്തിലെത്തിച്ചു വെന്നും പറഞ്ഞു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിലൂടെ ഇന്ത്യയിലെ ഒരു മുസ്‌ലിമിനു പോലും പൗരത്വം നഷ്ടമാകില്ല,” വിജയ് രൂപാനി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ചൊവ്വാഴ്ച ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ 62 റാലികളാണു ബിജെപി നടത്തിയത്. അഹമ്മദാബാദിലെ റാലിക്കു വിജയ് രൂപാനി നേതൃത്വം നല്‍കിയപ്പോള്‍ മെഹ്‌സാനില്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ നേതൃത്വത്തിലായിരുന്നു റാലി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook