ന്യൂഡൽഹി: രാജസ്ഥാനിലെ ദന്താൽ ​ഗ്രാമത്തിൽ പാട്ട് നന്നായില്ലെന്ന് ആരോപിച്ച് മുസ്‌ലിം​ ​ഗായകനെ സവർണർ തല്ലിക്കൊന്നതിനെ തുടർന്ന് 200ഓളം മുസ്‌ലിങ്ങൾ നാടുവിട്ടു. കൊലപാതകത്തിന്റെ ചുവടുപിടിച്ച് ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ഉടലെടുത്ത പ്രശ്‌നങ്ങളാണ് ഇവരുടെ കൊഴിഞ്ഞു പോക്കിന് ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു. നാടോടി ഗായകന്‍ അഹമദ്ഖാനെയാണ് ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.നവരാത്രി ദിനത്തില്‍ ഒരു ചടങ്ങില്‍ ആലപിച്ച രാഗം മോശമായി എന്നാരോപിച്ചായിരുന്നു ആക്രമണം.

പരിപാടി സ്ഥലത്തുവെച്ച് തന്നെ അക്രമികള്‍ അമദ് ഖാനെ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് രാത്രി വൈകി വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയുമായിരുന്നു. മതപുരോഹിതനായ രമേശ് സുത്താറിനെ ഗാനാലാപനത്തിലൂടെ പ്രീതിപ്പെടുത്തിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.ഇദ്ദേഹത്തിന്റെ കൊലപാതകം ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ഇരുപതോളം മുസ്ലിം കുടുംബങ്ങള്‍ മേഖലയില്‍ നിന്ന് പലായനം ചെയ്യുകയായിരുന്നു.

കൊലപാതകത്തിന് ശേഷം ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് അര്‍ധസൈനിക വിഭാഗത്തെ വിന്യസിപ്പിച്ചിരുന്നു. സംഭവത്തില്‍ പൂജാരിയെ അറസ്റ്റ് ചെയ്തു. എന്നാല്‍ പ്രദേശത്തെ മുസ്ലിം മതവിഭാഗക്കാര്‍ ഇതുവരെയും കൊലപാതകത്തിന്‍റെ ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല. പഴയപോലെ ഗ്രാമത്തില്‍ ഇനിയെങ്ങനെ ജീവിക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്.

വര്‍ഷങ്ങളായി ഹിന്ദു-മുസ്ലിം മതവിഭാഗക്കാര്‍ സഹിഷ്ണുതയോടെ കഴിഞ്ഞിരുന്ന ഗ്രാമമായിരുന്നു രാജസ്ഥാനിലെ ദന്താല്‍. എന്നാല്‍ അഹമ്മദ് ഖാന്‍റെ കൊലപാതകം ഗ്രാമവാസികളെ ഭയപ്പാടിലാക്കിയിരിക്കുകയാണ്. ഗ്രാമത്തിന് പുറത്തുള്ള സ്കൂളിലാണ് ഇവരിപ്പോള്‍ അഭയം തേടിയിരിക്കുന്നത്. ഇവരെ തിരിച്ച് ഗ്രാമത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധികാരികള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ