ന്യൂഡല്‍ഹി: പൂജ ചടങ്ങുകള്‍ ഇല്ലെങ്കില്‍ യോഗയില്‍ പങ്കെടുക്കുന്നതിന് തെറ്റില്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗവും പ്രമുഖ സുന്നി പണ്ഡിതനുമായ മൗലാനാ ഖാലിദ് റഷീദ് ഫരംഗി മഹലി. അന്താരാഷ്ട്ര യോഗ ദിനത്തില്‍ മുസ്ലിംങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച ചോദ്യത്തിന് ഒരു ദേശീയ മാധ്യമത്തോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

“യോഗ തീര്‍ച്ചയായും പരിശീലിക്കേണ്ടത് തന്നെയാണ്. എന്നാല്‍ യോഗയില്‍ ഏതെങ്കിലും തരത്തിലുള്ള പൂജയോ മറ്റേതെങ്കിലും തരത്തിലുള്ള മതാതിഷ്ഠിത ചടങ്ങുകളോ ഉണ്ടെങ്കില്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ന്യൂസ് 18 ചാനലിനോട് പ്രതികരിച്ചു. ലക്നൗവിലെ രാംബൈ അംബേദ്കര്‍ മൈതാനത്ത് ജൂണ്‍ 21ന് നടക്കുന്ന അന്താരാഷ്ട്ര യോഗ പരിപാടിയില്‍ 300 മുസ്ലിം സ്ത്രീകളും പുരുഷന്മാരും പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രധാനമന്ത്രിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരും പങ്കെടുക്കുന്ന പരിപാടിയില്‍ 55,000 പേരാണ് പങ്കെടുക്കുക. പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ക്ഷണം ലഭിച്ചാല്‍ താനും അതിനെ കുറിച്ച് ആലോചിക്കുമെന്നായിരുന്നു മൗലാനയുടെ പ്രതികരണം. മെയ് 14ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും യോഗ ദിവത്തേക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു.

നഗരത്തിലെ വിവിധ പാര്‍ക്കുകളില്‍ എല്‍ഇഡി സ്ക്രീനുകള്‍ സ്ഥാപിക്കും. വിവിധ സ്ഥലങ്ങളിലുള്ളവര്‍ക്ക് യോഗയില്‍ പങ്കെടുക്കാനാണ് ഇത്തരത്തിലൊരു സൗകര്യം ഒരുക്കുന്നത്. ഈ വര്‍ഷത്തെ യോഗ ആചരണത്തിന് കേന്ദ്ര ആയുഷ് മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്. ഭോപ്പാല്‍, ജയ്പൂര്‍, അഹമ്മദാബാദ്, റാഞ്ചി, ബംഗളൂരു എന്നിവയാണ് പരിഗണനയിലുള്ള മറ്റ് നഗരങ്ങള്‍.

2014ല്‍ ഐക്യരാഷ്ട്രസഭയാണ് എല്ലാ വര്‍ഷവും ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. ആദ്യ അന്താരാഷ്ട്ര യോഗ ദിനം 2015ല്‍ രാജ്പഥിലാണ് സംഘടിപ്പിച്ചത്. 190ലധികം രാജ്യങ്ങളിലെ പ്രതിനിധികളാണ് അന്ന് ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ചണ്ഡിഗഢിലാണ് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ