ഹൈദരാബാദ്: വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സർക്കാർ ജോലിക്കും മുസ്ലിം-പിന്നാക്ക സമുദായ അംഗങ്ങൾക്കുള്ള സംവരണം തെലങ്കാനയിൽ വർദ്ധിപ്പിച്ചു. ബിജെപി യുടെ കടുത്ത എതിർപ്പ് മറികടന്നാണ് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു തെലങ്കാന നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്. ചന്ദ്രശേഖർ റാവുവിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ബിൽ നിയമസഭ പ്രത്യേക സമ്മേളനം വിളിച്ചുചേർത്താണ് പാസാക്കിയത്.
പിന്നാക്ക വിഭാഗ, പട്ടിക ജാതി പട്ടിക വർഗ സംവരണ ബിൽ 2017 എന്നാണ് ബില്ലിന് സംസ്ഥാന സർക്കാർ പേരിട്ടത്. സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന മുസ്ലിങ്ങളൾക്കുള്ള സംവരണം ഇതോടെ 12 ശതമാനം ആയി. പട്ടിക ജാതി-പട്ടിക വിഭാഗങ്ങളുടെ സംവരണം 10 ശതമാനക്കായാണ് ഉയർത്തിയത്.
മുസ്ലിങ്ങളുടെ സംവരണം നേരത്തേ നാല് ശതമാനമായിരുന്നു. മറ്റുള്ളവരുടേത് ആറ് ശതമാനവും. ഇത് പരിഷ്കരിക്കുമെന്ന് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ചന്ദ്രശേഖർ റാവു ഉറപ്പുനൽകിയിരുന്നു. എന്നാൽ എസ് സി- എസ് ടി വിഭാഗങ്ങൾക്ക് സംവരണം വർധിപ്പിച്ച നടപടിയെ പിന്തുണച്ച ബിജെപി മുസ്ലിം സംവരണത്തെ അനുകൂലിക്കുന്നില്ലെന്നും അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.
ബിൽ പാസാക്കുന്നതിനിടെ സഭയിൽ പ്രതിഷേധിച്ച അഞ്ച് ബിജെപി എംഎൽഎ മാരെ സഭയിൽ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.ലക്ഷ്മൺ, ജി.കിഷൻ റെഡ്ഡി എന്നിവർ സസ്‌പെന്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
രാഷ്ട്രപതിയുടെ അൻുമതിക്കായി ബിൽ അയക്കും. അതേസമയം കേന്ദ്രസർക്കാർ ബില്ലിനെതിരെ നിലപാടെടുത്താൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു വ്യക്തമാക്കി. “തമിഴ്നാട് 69 ശതമാനം സംവരണം കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നടപ്പിലാക്കുന്നു. ആറോളം സംസ്ഥാനങ്ങൾ 50 ശതമാനത്തിലധികം സംവരണം നൽകുന്നുണ്ട്. ഈയൊരു ഘട്ടത്തിൽ തെലങ്കാനയിൽ മാത്രം ഇത് നിഷേധിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന്” അദ്ദേഹം വാർത്ത ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.