പാറ്റ്ന: വിഭജനത്തിനുശേഷം രാജ്യത്തെ മുസ്ലിം ജനസംഖ്യ പലമടങ്ങ് വര്‍ധിച്ചതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാകിസ്ഥാനില്‍നിന്ന് വ്യത്യസ്തമായി മുസ്ലിങ്ങള്‍ക്കു പ്രത്യേക അവകാശങ്ങളും സൗകര്യങ്ങളും ഇന്ത്യ നല്‍കിയിട്ടുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു.
പൗരത്വ (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധം വക്രബുദ്ധിയുള്ള പ്രതിപക്ഷത്തിന്റെ സഹായത്തോടെയുള്ള ഗൂഢാലോചനയാണ്. സിഎഎ കൊണ്ടുവന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും അഭിനന്ദിക്കുകയാണു വേണ്ടത്, അല്ലാതെ ആക്രമിക്കുകയല്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. സിഎഎയെ പിന്തുണച്ച് ബിഹാറിലെ ഗയയില്‍ ബിജെപി നടത്തിയ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
“ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 1947 മുതല്‍ ഏഴ്-എട്ട് മടങ്ങ് വരെ വര്‍ധിച്ചു. ആര്‍ക്കും ഒരു എതിര്‍പ്പുമില്ല. രാജ്യത്തെ പൗരന്മാരായ അവര്‍ വികസനത്തിനായി പ്രവര്‍ത്തിച്ചാല്‍ അവരെ സ്വാഗതം ചെയ്യുന്നു. പ്രത്യേക അവകാശങ്ങളും സൗകര്യങ്ങളും നല്കിയിട്ടുള്ളതിനാല് അവരുടെ ജനസംഖ്യ വര്‍ധിച്ചു. അവരുടെ വളര്‍ച്ച ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു. എന്നാല്‍ പാകിസ്ഥാനില്‍ എന്താണ് സംഭവിച്ചത്?,” ആദിത്യനാഥ് ചോദിച്ചു.
1947 മുതല്‍ പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യ കുറയുന്നത് എന്തുകൊണ്ടാണെന്നു ചോദിച്ച യോഗി ആദിത്യനാഥ്, അവര്‍ എവിടേക്കാണു പോയതെന്നതിന് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും പറഞ്ഞു.
സിഎഎയെ എതിര്‍ക്കുന്നവര്‍ ദേശീയ താല്‍പ്പര്യങ്ങള്‍ക്കെതിരായ പാപമാണു ചെയ്യുന്നതെന്നു യോഗി ആദിത്യനാഥ് പറഞ്ഞു. “സിഎഎക്കെതിരെ രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങള്‍ക്കു വക്രബുദ്ധിയുള്ള പ്രതിപക്ഷം ഇന്ധനം പകരുകയാണ്. പക്ഷേ, ഇത് വിദൂരത്തുനിന്നുള്ള ഗൂഢാലോചനയാണെന്നു ജനങ്ങള്‍ മനസിലാക്കണം. മോദിയുടെ കീഴില്‍ യാഥാര്‍ഥ്യമാകുന്ന ഏക ഭാരതം, ഭാരതം എന്ന ആശയത്തോടാണ് ഈ ചരടുകള്‍ വലിക്കുന്നത്,” ആദിത്യനാഥ് പറഞ്ഞു.
“മതത്തിന്റെ അടിസ്ഥാനത്തില്‍ മോദി സര്‍ക്കാര്‍ ജനങ്ങളോട് വിവേചനം കാണിച്ചിട്ടില്ല., ഉജ്വൽ യോജന, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ ക്ഷേമപദ്ധതികളില്‍നിന്ന് നിരവധി പേര് പ്രയോജനം നേടിയിട്ടുണ്ട്. പദ്ധതികളില്‍ ഗുണഭോക്താവായി ഉള്‍പ്പെടുത്തുന്നതിന് മുമ്പ് ആരെങ്കിലും മതത്തെക്കുറിച്ചോ ജാതിയെക്കുറിച്ചോ ചോദിച്ചിട്ടുണ്ടോ?”
പാക്കിസ്ഥാന്റെ ആണവശക്തിയെ മുന്‍പ് കോണ്‍ഗ്രസ് ചെയ്തതുപോലെ പുതിയ ഇന്ത്യ ഭയപ്പെടുന്നില്ല. ജവഹര്‍ലാല്‍ നെഹ്റു തെറ്റായി കൊണ്ടുവന്ന ആര്‍ട്ടിക്കിള്‍ 370നു ശേഷം പാക് അധീന കാശ്മീര്‍ നഷ്ടപ്പെടുമെന്ന് അയല്‍രാജ്യം ഭയപ്പെടുന്നു.
രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസ് ഭയചകിതരായി കളിച്ചു. വിഷയത്തില്‍ യുക്തിസഹമായ പരിഹാരമുണ്ടായാല്‍ തെരുവുകളില്‍ രക്തം ചിതറുമെന്നു പറഞ്ഞു. ഇപ്പോള്‍ ഇത് എല്ലാവര്‍ക്കുമായി പരിഹരിക്കപ്പെട്ടു. എന്റെ സംസ്ഥാനത്തെ അയോധ്യയില്‍ രാമമക്ഷത്രം ഉടന്‍ ഉയരുമെന്നു മഹത്തായ മകരസംക്രാന്തി വേളയില്‍ ഞാന്‍ പ്രഖ്യാപിച്ചു,” യോഗി ആദിത്യനാഥ് പറഞ്ഞു.