ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിനെതിരെ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. മുത്തലാഖ് ബില്ല് പിന്‍വലിക്കണമെന്നും, ഇത് ഷരീഅത്ത് നിയമത്തിനെതിരായ ബില്ലാണെന്നും ബോര്‍ഡ് ആരോപിച്ചു. മുസ്ലിം സംഘടനകളുമായോ പണ്ഡിതന്മാരുമായോ കൂടിയാലോചിക്കാതെയാണ് ബില്ലിലെ വ്യവസ്ഥകള്‍ തയ്യാറാക്കിയതെന്നും ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.
മുത്തലാഖ് നിയമ വിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്‍ നേരത്തേ സംസ്ഥാന സര്‍ക്കാരുകളുടെ പരിഗണനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അയച്ചിരുന്നു. മുത്തലാഖിനെതിരായ നിരയമനിര്മാണ ബില്ലിന് ഈ മാസമാണ് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. മുത്തലാഖ് ചൊല്ലിയാല്‍ മൂന്നുവര്‍ഷം വരെ തടവും പിഴയും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. മാത്രമല്ല, വിവാഹ മോചനശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിന് അര്‍ഹതയുണ്ടാകുമെന്നും ബില്ലില്‍ പറയുന്നു.
ഇതിനെതിരായാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്. മുത്തലാഖ് ബില്ല് പിന്‍വലിക്കണമെന്നു ബോര്‍ഡ് ആവശ്യപ്പെട്ടു. ആശങ്ക പ്രധാനമന്ത്രിയെ അറിയിക്കുമെന്നും ലഖ്നൗവില്‍ ചേര്‍ന്ന അഖിലേന്ത്യ എഐഎംപിഎല്‍ബി യോഗം തീരുമാനമെടുത്തു.
കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചിരുന്നു. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നിര്‍ണായക വിധി. ആറു മാസത്തിനുളളില്‍ നിയമനിര്‍മ്മാണം നടത്തണെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.