ന്യൂഡൽഹി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സ്ഥലങ്ങളുടെ പേര് മാറ്റുന്നത് തുടരുകയാണ്. അലഹാബാദിന് പിന്നാലെ ഫൈസാബാദ് ജില്ലയുടെയും പേര് മാറ്റിയ സർക്കാർ തീരുമാനങ്ങൾക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഇതിനിടയിലാണ് ബിജെപി വക്താവ് സംബിത് പത്രയുടെ പ്രകോപനം ഉയർത്തുന്ന പുതിയ പ്രസ്താവന.

മുസ്‌ലിം പള്ളിക്ക് വേണമെങ്കില്‍ ഭഗവാന്‍ വിഷ്ണുവിന്‍റെ പേരിടുമെന്നാണ് ബിജെപി വക്താവിന്‍റെ ഭീഷണിപ്പെടുത്തല്‍. ചർച്ചക്കിടയിൽ ‘താങ്കള്‍ അള്ളാഹുവിന്‍റെ ഭക്തനാണോ അതോ ഭഗവാന്‍ വിഷ്ണുവിന്‍റെ ഭക്തനാണോ എന്ന് എഐഎംഐഎം നേതാവിനോട് സംബിതിന്‍റെ ആദ്യ ചോദ്യം. അള്ളാഹുവിന്‍റെ ഭക്തനെന്ന് മറുപടി പറഞ്ഞപ്പോൾ ബിജെപി നേതാവിന്റെ പ്രതികരണം ഇങ്ങനെ ‘മര്യാദയ്ക്ക് ഇരുന്നോ, അല്ലെങ്കില്‍ മുസ്‌ലിം പള്ളിക്ക് ഭഗവാന്‍ വിഷ്ണുവിന്റെ പേരിടും.’

മുസ്‌ലിം നാമം തോന്നുന്ന നഗരങ്ങളുടെ പേര് എന്തുകൊണ്ടാണ് മാറ്റുന്നത് എന്ന വിഷയത്തിൽ ആജ് തക് ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് ബിജെപി നേതാവ് സംബിത് പത്രയുടെ വിവാദ പ്രസ്താവന. എന്തായാലും പേര് മാറ്റലിന് പിന്നാലെ ബിജെപി നേതാവിന്റെ പ്രസ്താവനയും ഏറ്റെടുത്തിരിക്കുകയാണ് സമൂഹ മാധ്യമങ്ങളും പ്രതിപക്ഷവും.

അതേസമയം, മുസ്‌ലിം സ്ഥലപ്പേരുകൾ മാറ്റിയ ബിജെപിയെ വിമർശിച്ച് ഉത്തർപ്രദേശ് കാബിനറ്റ് മന്ത്രിയും ശുൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) പ്രസിഡന്റുമായ ഓം പ്രകാശ് രാജ്ഭർ. മുസ്‌ലിം സ്ഥലപ്പേരുകൾ മാറ്റിയ ബിജെപി ആദ്യം അവരുടെ മുസ്‌ലിം നേതാക്കന്മാരുടെ പേരുകൾ മാറ്റണമെന്ന് ഓം പ്രകാശ് ആവശ്യപ്പെട്ടു. കാബിനറ്റ് മന്ത്രി മൊഹ്സിൻ റാസ, ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ, കേന്ദ്രമന്ത്രി മുക്തർ അബ്ബാസ് നഖ്‌വി എന്നിവുടെ പേരുകൾ മാറ്റാനാണ് ഓം പ്രകാശ് ആവശ്യപ്പെട്ടത്.

അലഹബാദിനെ പ്രയാഗ്‌രാജെന്നും ഫൈസാബാദിനെ അയോധ്യയെന്നും പേര് മാറ്റിയ യുപി സർക്കാരിന്റെ നടപടിയെയാണ് ഓം പ്രകാശ് ചോദ്യം ചെയ്തത്. കഴിഞ്ഞ വർഷം വാാരണാസിക്ക് അടുത്തുളള മുഗൾസരായ് റെയിൽവേ സ്റ്റേഷന്റെ പേര് ദീൻ ദയാൽ ഉപാധ്യായ എന്നാക്കി മാറ്റിയിരുന്നു. മുസാഫർ നഗർ ജില്ലയെ ലക്ഷ്മി നഗർ എന്നാക്കി മാറ്റണമെന്ന് കഴിഞ്ഞ വെളളിയാഴ്ച ബിജെപി എംഎൽഎ സംഗീത് സോം ആവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook