ലക്‌നൗ: വര്‍ഗീയ പരാമര്‍ശവുമായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. മുസ്‌ലിങ്ങള്‍ക്കെതിരെയാണ് ബല്ലിയ മണ്ഡലത്തിലെ ബിജെപി എംഎല്‍എയായ സുരേന്ദ്ര സിങ് പരാമര്‍ശം നടത്തിയിരിക്കുന്നത്. മുസ്‌ലിങ്ങള്‍ക്ക് മൃഗങ്ങളുടെ പ്രവണതയാണെന്ന് സുരേന്ദ്ര സിങ് പറഞ്ഞു. മുസ്‌ലിങ്ങള്‍ക്ക് 50 ഭാര്യമാരും 1,050 കുട്ടികളുമുണ്ട്. ഇത് മൃഗങ്ങളുടേതിന് തുല്യമായ പ്രവണതയാണ് എന്നും സിങ് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ചയാണ് സിങ് മാധ്യമങ്ങളോട് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ബറേലി മണ്ഡലത്തിലെ ബിജെപി എംഎല്‍എയായ രജേഷ് മിശ്രയുടെ മകള്‍ ദലിത് യുവാവിനെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ് സിങ് വിവാദ പരാമര്‍ശം നടത്തിയത്.

“മുസ്‌ലിം മതത്തില്‍ ഒരു ആണ്‍ 50 സ്ത്രീകളെ വിവാഹം ചെയ്യുന്നു. അവര്‍ക്ക് 1,050 കുട്ടികളുണ്ടാകുന്നു. ഇതൊരു പാരമ്പര്യമല്ല. മറിച്ച് മൃഗങ്ങളുടെ പ്രവണതയ്ക്ക് തുല്യമായ കാര്യമാണ്. രണ്ടോ, മൂന്നോ, നാലോ കുട്ടികളാണ് ഉള്ളതെങ്കില്‍ അതൊരു പ്രശ്‌നമുള്ള കാര്യമല്ല” – സുരേന്ദ്ര സിങ് പറഞ്ഞു.

Read Also: ‘സാക്ഷാല്‍ ശ്രീരാമന് പോലും സ്ത്രീപീഡനം തടയാനാവില്ല’; ബിജെപി എംഎല്‍എ

ബിജെപി എംഎല്‍എ രാജേഷ് മിശ്രയുടെ മകള്‍ ദലിത് യുവാവിനെ വിവാഹം കഴിച്ച സംഭവത്തിലും സുരേന്ദ്ര സിങ് അഭിപ്രായം പറഞ്ഞു. എംഎല്‍എയുടെ മകള്‍ സാക്ഷിയും ദലിത് യുവാവ് അജിതേഷും തമ്മിലുള്ള വിവാഹത്തെ എതിര്‍ക്കുന്നത് അജിതേഷ് മോശം വ്യക്തി ആയതിനാല്‍ ആണെന്നാണ് സുരേന്ദ്ര സിങ് പറയുന്നത്. അജിതേഷ് മുന്‍പ് ഒരു വിവാഹം ചെയ്തിട്ടുണ്ടെന്നും പിന്നീട് ആ സ്ത്രീയെ ഉപേക്ഷിച്ചു എന്നും സുരേന്ദ്ര സിങ് പറയുന്നു. ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ചിലര്‍ എന്നോട് ചോദിച്ചപ്പോള്‍ മുസ്‌ലിങ്ങള്‍ മാത്രമാണ് അങ്ങനെ ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിക്കുന്നതെന്ന് താന്‍ പറഞ്ഞതായും സുരേന്ദ്ര സിങ് പറയുന്നു.

നിരവധി വിവാദ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകളില്‍ ഇടം പിടിച്ച വ്യക്തിയാണ് സുരേന്ദ്ര സിങ്. ഹിന്ദുത്വത്തിന്റെ കേടു പറ്റാത്ത തുടർച്ചയ്ക്ക് എല്ലാ ഹൈന്ദവ ദമ്പതികളും അഞ്ച് കുട്ടികൾക്കെങ്കിലും ജന്മം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook