കൊല്‍ക്കത്ത: മുപ്പതുകാരനായ മിലന്‍ ദാസ് എന്നയാള്‍ മരിച്ചപ്പോള്‍ ആരാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുക എന്ന ചോദ്യമായിരുന്നു ആശുപത്രിയില്‍ ഉയര്‍ന്നു കേട്ടത്. ബന്ധുക്കള്‍ ആരുമില്ലാതിരുന്ന ബംഗാളില്‍ നിന്നുളള യുവാവിന്റെ അടുത്ത സുഹൃത്തായ റാബി ഷൈഖ് മാത്രമാണ് കൈയ്യുയര്‍ത്തിയത്. ഹിന്ദു നിയമപ്രകാരം അന്ത്യകര്‍മ്മം ഹിന്ദു തന്നെ ചെയ്യണമെന്നിരിക്കെ റാബി എന്ന മുസ്‌ലിം മുന്നോട്ട് വന്നത് എല്ലാവരുടേയും നെറ്റി ചുളിപ്പിച്ചു. കേട്ടു നിന്നവര്‍ ആദ്യമൊന്ന് പകച്ച് പോയെങ്കിലും മറ്റാര് ചെയ്യുമെന്ന ചോദ്യത്തില്‍ എല്ലാവരും നിശബ്ദരായിരുന്നു.

മതങ്ങളുടെ നിയമവേലിക്കെട്ടുകള്‍ പൊളിച്ച് റാബി ഈ ജോലി ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നതോടെ മറ്റുളളവരും പിന്തുണ അറിയിച്ചു. എല്ലാവരും നോക്കി നില്‍ക്കെ തന്റെ ഉറ്റസുഹൃത്തിന്റെ ചിതയ്ക്ക് റാബി തീകൊളുത്തി. ദിവസങ്ങള്‍ക്ക് ശേഷം നടന്ന ശ്രാദ്ധ ചടങ്ങും നടത്തിയത് ഇദ്ദേഹം തന്നെയായിരുന്നു. റാബിയുടെ ഹൃദയം തൊടുന്ന പ്രവൃത്തി ചടങ്ങിന് കാര്‍മ്മികത്വം വഹിച്ചയാളുടെ പോലും കണ്ണ് നിറച്ചു. ‘ഇത്രയും പരിശുദ്ധമായൊരു സൗഹൃദത്തിന്’ സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞ താന്‍ ഭാഗ്യവാനാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഇത്രയും ഭാഗ്യം എനിക്ക് ഇനിയും ലഭിക്കുമോ എന്ന് പോലും ഞാന്‍ അത്ഭുതപ്പെടുന്നു. മതത്തിന്റെ തടസ്സങ്ങളെ ഇല്ലാതാക്കിയാണ് ഈ സൗഹൃദം അത്ഭുതപ്പെടുത്തുന്നത്’ അദ്ദേഹം ആനന്ദ്ബസാര്‍ പത്രികയോട് പറഞ്ഞു.

‘ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ 10 വര്‍ഷക്കാലമായി ഞങ്ങള്‍ തമ്മില്‍ കാണാത്ത ദിവസങ്ങള്‍ വിരളമായിരുന്നു. അദ്ദേഹത്തെ നല്ല രീതിയില്‍ യാത്രയാക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. കുടുംബം ഇല്ലാത്തത് കൊണ്ട് തന്നെ അദ്ദേഹം അനാധനായി മോര്‍ച്ചറിയില്‍ കിടക്കുന്നത് എനിക്ക് കാണാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഹിന്ദു വിധിപ്രകാരം അന്തിമ കർമ്മങ്ങൾ ചെയ്യുന്നതെങ്ങനെയെന്ന് കഴിഞ്ഞ 10 ദിവസമായി ഞാന്‍ പഠിക്കുകയായിരുന്നു’, റാബി പറഞ്ഞു.

മെയ് 29നാണ് മിലന്‍ മരിച്ചത്. ബന്ധുക്കളെ ആരേയും കണ്ടെത്താന്‍ കഴിയാത്തതോടെ പൊലീസ് നടപടികളിലേക്ക് നീങ്ങുമ്പോഴാണ് റാബി രംഗത്തെത്തിയത്. മെയ് 28ന് രാത്രി പോലും തങ്ങള്‍ ഫോണില്‍ സംസാരിച്ചിരുന്നതായി റാബി പറഞ്ഞു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മിലന്‍ മരിച്ചതായി അറിഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ