ലക്‌നൗ: പശു കശാപ്പ് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ മുസ്‌ലിം യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ഡല്‍ഹി- യുപി അതിര്‍ത്തി ഗ്രാമമായ ഭജേര ഖുര്‍ദിലാണ് അക്രമം നടന്നത്. 2015ല്‍ പശു ഇറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന പ്രചാരണം നടത്തി ജനക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാക്കിന്റെ പ്രദേശമായ ദാദ്രിയില്‍ നിന്നും 10 കി.മി. മാത്രം അകലെയാണ് കൊലപാതകം നടന്നത്. 38കാരനായ ഖാസിം ആണ് കൊല്ലപ്പെട്ടത്. 65കാരനായ ഷമീഹുദ്ദീന് സാരമായി പരുക്കേറ്റിട്ടുണ്ട്.

മധ്പുരയില്‍ കന്നുകാലികള്‍ക്ക് തീറ്റ വാങ്ങാന്‍ പോയതാണ് ഷമീഹുദ്ദീനെന്ന് സഹോദരനായ യാസീന്‍ പറഞ്ഞു. ഇവിടെ വച്ചാണ് ഖാസിമിനെ കണ്ടത്. എന്നാല്‍ കാലി കച്ചവടം നടത്തിയിരുന്ന ഖാസിമിനെ കണ്ട നാട്ടുകാര്‍ ഇരുവരേയും ആക്രമിക്കുകയായിരുന്നു. ഈ സമയം ഇരുവരുടേയും കൈവശം പശുക്കളും ഉണ്ടായിരുന്നില്ല. കാലികളെ കശാപ്പ് ചെയ്‌തെന്ന വ്യാജവാര്‍ത്ത പരന്നതോടെ ജനക്കൂട്ടം തടിച്ച് കൂടുകയായിരുന്നു. തുടര്‍ന്ന് അക്രമികള്‍ ഇരുവരേയും അടുത്തുളള ക്ഷേത്ര വളപ്പിലേക്ക് വലിച്ചുകൊണ്ടുപോയി കൂട്ടം ചേര്‍ന്ന് ആക്രമിച്ചു.

വടികളും കല്ലുകളുമായാണ് ജനക്കൂട്ടം ഇരുവരേയും അക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. അക്രമത്തിന് പിന്നാലെ പൊലീസ് എത്തി ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഖാസിമിന്റെ ജീവന്‍ രക്ഷിക്കാനായില്ല. തന്റെ സഹോദരന്‍ കാലികളെ കശാപ്പ് ചെയ്യാറില്ലെന്നും ഇവയെ വാങ്ങി ചന്തയില്‍ വില്‍ക്കുന്നയാളാണെന്നും ഖാസിമിന്റെ സഹോദരന്‍ പറഞ്ഞു. എന്നാല്‍ കാലികളെ കശാപ്പ് ചെയ്‌തതിനാണ് ജനക്കൂട്ടം അക്രമം നടത്തിയതെന്ന വാര്‍ത്ത പൊലീസ് നിഷേധിച്ചു.

കൊല്ലപ്പെട്ട ഖാസിം സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കില്‍ തട്ടിയതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പൊലീസ് ഭാഷ്യം. തുടര്‍ന്ന് നടന്ന വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് എഫ്ഐആറില്‍ വ്യക്തമാക്കുന്നു. പശുക്കളോ ആയുധങ്ങളോ കണ്ടെത്താന്‍ കഴിയാത്തത് കൊണ്ടാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ