ന്യൂഡല്‍ഹി: തിഹാര്‍ ജയിലിലെ ഉദ്യോഗസ്ഥര്‍ വിചാരണ തടവുകാരനായ മുസ‌്‌ലിം യുവാവിനെ മർദിച്ചതിന് ശേഷം പുറം ഭാഗത്ത് പഴുപ്പിച്ച ലോഹം കൊണ്ട് ‘ഓം’ എന്ന് ചാപ്പ കുത്തിയതായി പരാതി. ജയിലില്‍ മകന്റെ ജീവന്‍ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഇയാളുടെ മാതാപിതാക്കള്‍ കര്‍ക്കര്‍ദൂമ കോടതിയെ സമീപിച്ചപ്പോഴാണ് ഈ സംഭവം പുറത്ത് വന്നത്.
ഷബീര്‍ എന്ന യുവാവിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ ഇദ്ദേഹത്തിന്റെ ശരീരത്തന്റെ പുറം ഭാഗത്ത് ‘ഓം’ എന്ന് ചാപ്പകുത്തിയതായി കണ്ടു. 34കാരനായ ഷബീര്‍ 2017 മുതല്‍ തിഹാര്‍ ജയിലിലാണ്.
ഏപ്രില്‍ 12ന് ജയില്‍ നമ്പര്‍ നാലിലെ സൂപ്രണ്ട് രാജേഷ് ചൗഹാന് പരാതി നല്‍കിയിരുന്നു. തങ്ങളുടെ ജയിലിലെ ഇന്‍ഡക്ഷന്‍ സ്റ്റൗ കേടായതായാണ് പരാതി നല്‍കിയത്. പരാതിയില്‍ കോപാകുലനായ ജയില്‍ ഉദ്യോഗസ്ഥന്‍ ഷബീറിനെ മർദിക്കുകയായിരുന്നു. പിന്നീട് രാജേഷ് ചൗഹാന്‍ ഷബീറിനെ തന്റെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും നേതാവ് ചമയാന്‍ ശ്രമിച്ചെന്നു പറഞ്ഞ് ശകാരിക്കുകയും ചെയ്തു. വാതിലുകള്‍ അടച്ചിട്ട് രാജേഷ് ചൗഹാനും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഷബീറിനെ ക്രൂരമായി മര്‍ദ്ദിച്ചു.
മർദനത്തിനു ശേഷമായിരുന്നു പഴുപ്പിച്ച ലോഹം കൊണ്ട് ശരീരത്തില്‍ ‘ഓം’ എന്ന് ചാപ്പകുത്തിയത്. പിന്നീട് രണ്ടു ദിവസം ഷബീറിന് ഭക്ഷണവും നല്‍കിയില്ല. ഹിന്ദുവായി മതം മാറിയ ഷബീര്‍ വ്രതമെടുക്കുകയാണ് എന്നായിരുന്നു രാജേഷ് ചൗഹാന്‍ മറ്റുള്ളവരോട് പറഞ്ഞത്.
മതത്തിന്റെ പേര് പറഞ്ഞും തന്നെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നുവെന്ന് ഷബീര്‍ കോടതിയില്‍ പറഞ്ഞു. ‘നിങ്ങളുടെ മതം ഈ രാജ്യത്തെ നശിപ്പിച്ചു,’ എന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നുവെന്ന് ഷബീര്‍ പറയുന്നു.