ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. എംപിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൾ വഹാബ്, നവാസ് ഖാനി എന്നിവരാണ് ഹർജി ഫയൽ ചെയ്തത്.
IUML is taking the #CitizenshipAmmendmentBill2019 to SC. PK Kunhalikutty, ET Mohd Basheer, PV Abdul Wahab, Navas Khani,- MPs of party – to file a petition in SC challenging the law. @IndianExpress
— Liz Mathew (@MathewLiz) December 12, 2019
ബുധനാഴ്ചയാണ് പൗരത്വ (ഭേദഗതി) ബില്‍ രാജ്യസഭയിൽ പാസാക്കിയത്. ബില്ലിനെ അനുകൂലിച്ച് 125 പേര്‍ വോട്ട് ചെയ്തപ്പോൾ 105 പേര്‍ എതിര്‍ത്തു. തിങ്കളാഴ്ച 80ന് എതിരേ 311 വോട്ടിനു ലോക്‌സഭ ബില്‍ പാസാക്കിയിരുന്നു. ബില്‍ രാജ്യസഭ പാസാക്കിയതിനെ ഇന്ത്യയുടെ ഭരണഘടനാ ചരിത്രത്തിലെ കറുത്തദിനമെന്നാണു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിശേഷിപ്പിച്ചത്.
ബില്‍ സംബന്ധിച്ച ഭേദഗതികളാണു രാജ്യസഭയില്‍ ആദ്യം വോട്ടിനിട്ടത്. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന കെ.കെ. രാഗേഷിന്റെ ആവശ്യം സഭ വോട്ടിനിട്ട് തള്ളി. പ്രമേയത്തെ 99 പേര്‍ അനുകൂലിച്ചപ്പോള്‍ 124 പേര്‍ തള്ളി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ 14 ഭേദഗതികളും സഭ തള്ളി.
ശിവസേന സഭ ബഹിഷ്‌കരിച്ചു. ലോക്‌സഭയില്‍ ബില്ലിനെ ശിവസേന പിന്തുണച്ചിരുന്നു. തങ്ങള്‍ കുറച്ച് സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും അതിനു വ്യക്തമായ മറുപടി ലഭിക്കാതെ രാജ്യസഭയില്‍ പിന്തുണക്കില്ലെന്നും സേന വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിലെ സഖ്യകക്ഷികളായ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും സമ്മര്‍ദത്തിന്റെ ഫലമായായിരുന്നു ശിവസേനയുടെ നിലപാട് മാറ്റം. ശിവസേനയുടെ നിലപാട് മാറ്റം സ്വാഗതാർഹമായ പുരോഗതിയാണെന്നു കോൺഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞു.
Read More: പൗരത്വ ബില്‍ രാജ്യസഭയിലും പാസായി; കറുത്ത ദിനമെന്നു കോണ്‍ഗ്രസ്
പൗരത്വ (ഭേദഗതി) ബില്‍ മുസ്‌ലിം വിരുദ്ധമല്ലെന്നാണു രാജ്യസഭയില്‍ ബില്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കുള്ള മറുപടിയായി ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. സര്‍ക്കാര്‍ നടത്തി കൊണ്ടുപോകാന്‍ മാത്രമല്ല, രാജ്യത്ത് പല തിരുത്തലുകളും വരുത്താന്‍ കൂടിയാണു നരേന്ദ്രമോദി അധികാരത്തിലെത്തിയതെന്നു അമിത് ഷാ പറഞ്ഞു. വിവാദങ്ങളെ പേടിച്ച് ശക്തമായ നടപടികളില്‍നിന്നു പിന്തിരിയില്ല. ബില്‍ പാസായ ശേഷം അഭയാര്‍ഥികളുടെ യഥാര്‍ഥ എണ്ണം വ്യക്തമാകും. അപ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ പൗരത്വത്തിന് അപേക്ഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.
മതത്തിന്റെ പേരിലുള്ള ചേരിതിരിവാണ് പൗരത്വ ഭേദഗതി ബിൽ എന്നായിരുന്നു എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി വിമർശിച്ചിരുന്നു. “ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണിത്. പുതിയൊരു വിഭജനത്തിനുള്ള വഴിയാണ് ഈ ബില്ലിലൂടെ കേന്ദ്രം ഉദ്ദേശിക്കുന്നത്.” ഒവൈസി പറഞ്ഞു. ലോക്‌സഭയിൽ ബിൽ കീറിയെറിഞ്ഞായിരുന്നു ഒവൈസിയുടെ പ്രതിഷേധം.