മലപ്പുറം: അയോധ്യ ഭൂമിത്തര്‍ക്ക കേസിലെ സുപ്രീം കോടതി വിധി മുസ്ലീം സമൂഹത്തിനിടയില്‍ മുറിവുണ്ടാക്കിയെന്ന് മുസ്ലീം ലീഗ്. ദേശീയ-സംസ്ഥാന ഭാരവാഹികളുടെയും ഉന്നതാധികാര സമിതി അംഗങ്ങളുടെയും യോഗത്തിനു ശേഷമാണ് ലീഗ് നേതാക്കളുടെ പ്രതികരണം. വിധി പലകാരണങ്ങളാല്‍ നിരാശജനകമാണെന്നും തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിധിയില്‍ പൊരുത്തക്കേടുകളുണ്ടെന്നും ലീഗ് നേതൃത്വം പറഞ്ഞു. വിധി പകര്‍പ്പ് പൂര്‍ണ്ണമായി പഠിച്ച ശേഷമാണ് നേതാക്കളുടെ പ്രതികരണം. വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
അയോധ്യ ഭൂമിത്തര്‍ക്ക കേസിലെ വിധിയില്‍ സംതൃപ്തനല്ലെന്ന് മുസ്ലിം ലീഗ് എംപി ഇ.ടി.മുഹമ്മദ് ബഷീര്‍ നേരത്തെ പറഞ്ഞിരുന്നു. വിധി സന്തുലിതമാണെന്ന കാഴ്ചപ്പാടിനെ എതിര്‍ക്കുന്നു. എന്നാല്‍, സുപ്രീം കോടതി വിധിയാണ് രാജ്യത്തെ നിയമം. വിധിയുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ എന്തുവേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.
Read Also: Ayodhya Verdict: അയോധ്യ കേസ്: സുപ്രീം കോടതി വിധിയുടെ പ്രധാന ഭാഗങ്ങൾ
അയോധ്യ ഭൂമിത്തര്‍ക്ക കേസിലെ സുപ്രീം കോടതി വിധി മാനിക്കുമെന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞിരുന്നു. സംഘര്‍ഷമുണ്ടാക്കാന്‍ പാടില്ല. എല്ലാവരും ആത്മസംയമനം പാലിക്കണം. കോടതി വിധി പഠിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിക്കാം. സമാധാനപരമായി മുന്നോട്ടു പോകാനാണ് ആഹ്വാനം ചെയ്യുന്നതെന്നും കോടതി വിധി വന്നതിനു പിന്നാലെ ഹൈദരാലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.