വാരാണസി: മുസ്‌ലിം ലീഗിനെതിരെ വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്‌ലിം ലീഗ് വൈറസാണെന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്. കോൺഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ടെന്നും എല്ലാവരും സൂക്ഷിക്കണമെന്നും യോഗി പറഞ്ഞു. ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് യോഗിയുടെ വിവാദ പരാമർശം.

“മുസ്‌ലിം ലീഗ് ഒരു വൈറസാണ്. ഈ വൈറസിനാൽ ഒരിക്കൽ നമ്മൾ വിഭജിക്കപ്പെട്ടതാണ്. ഇപ്പോൾ കോൺഗ്രസിനെ വൈറസ് ബാധിച്ചിട്ടുണ്ട്. എല്ലാവരും സൂക്ഷിക്കണം. കോൺഗ്രസ് ലോക്‌സഭ തിരഞ്ഞെടുപ്പ് ജയിച്ചാൽ ഈ വൈറസ് രാജ്യമാകെ പടരും. അമേഠിയിൽ പരാജയം ഉറപ്പായത് കൊണ്ടാണ് ന്യൂനപക്ഷം ഭൂരിപക്ഷമായുള്ള വയനാട്ടിലേക്ക് രാഹുൽ ഒളിച്ചോടിയത്,” യോഗി ആദിത്യനാഥ് പറഞ്ഞു.

അതേസമയം, മുസ്‌ലിം ലീഗിന്‍റെ പച്ചക്കൊടി ഉയർത്തിയുള്ള ബിജെപി‍യുടെ ആരോപണം വടക്കേന്ത്യയിൽ ഏൽക്കില്ലെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ബിഹാറിൽ പച്ചക്കൊടിയുള്ള പാർട്ടി ബിജെപിക്കൊപ്പമുണ്ട്. ബാലിശമായ ആരോപണങ്ങൾ രാഹുൽ ഗാന്ധിക്കെതിരെ ഉയർത്തിയിട്ട് കാര്യമില്ലെന്നും, രാഹുലിന്‍റെ വരവിനെ തടുക്കാൻ ബിജെപിക്ക് സാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായ മണ്ഡലത്തിലാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതെന്നും ഹിന്ദുക്കളില്‍ നിന്നും രാഹുല്‍ ഒളിച്ചോടുകയാണെന്നും നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് പിന്നാലെയാണ് മുസ്‌ലിം ലീഗിനെ കേന്ദ്ര തലത്തിൽ പ്രചാരണ ആയുധമാക്കി കൂടുതൽ ബിജെപി നേതാക്കൾ രംഗത്തെത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ മുസ്‌ലിം ലീഗിന്‍റെ കൊടി കണ്ട് ബിജെപി നേതാവ് അത് പാക്കിസ്ഥാന്‍ പതാകയാണെന്ന് ട്വീറ്റ് ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook