ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്റർ കണക്കെടുപ്പ് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ. എൻപിആർ നടപടികൾ സ്റ്റേ ചെയ്യണം. എൻപിആറിന് എൻആർസിയുമായി ബന്ധമുണ്ടോയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും ലീഗ് കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹർജികളിൽ തീർപ്പാകുംവരെ ഇതുമായി ബന്ധപ്പെട്ട നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത് തടയണമെന്നാണ് ആവശ്യം. പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നും മറ്റൊരു ഹർജിയിൽ ലീഗ് ആവശ്യപ്പെട്ടു. പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് ഇതിനകം യുപി സർക്കാർ കൊക്കൊണ്ട നടപടികളും സ്റ്റേ ചെയ്യണമെന്ന് ലീഗ് ഹർജിയിൽ ആവശ്യപ്പെടുന്നു.
Read More: പൗരത്വ നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാന്‍ യുപി; 32,000 കുടിയേറ്റക്കാരെ കണ്ടെത്തി
ജനുവരി 10നാണ് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതായി കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെ കുടിയേറ്റക്കാരുടെ പട്ടിക തയാറാക്കുന്ന നടപടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. 21 ജില്ലകളിലായി 32,000 കുടിയേറ്റക്കാര്‍ ഉള്‍പ്പെടുന്ന ആദ്യ പട്ടിക തയാറാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
സിഎഎ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ കുടിയേറ്റക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ എല്ലാ ജില്ലാ മജിസ്ട്രേറ്റുമാരോടും ആവശ്യപ്പെട്ടതായി ഉത്തര്‍പ്രദേശ് മന്ത്രി ശ്രീകാന്ത് ശര്‍മ പറഞ്ഞു. ആദ്യ പട്ടികയില്‍ 21 ജില്ലകളിലായി 32,000 ത്തിലധികം കുടിയേറ്റക്കാരെ കണ്ടെത്തി. കുടിയേറ്റക്കാരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ശര്‍മ പറഞ്ഞു.
അഫ്ഗാനിസ്ഥാന്, പാകിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കുടിയേറ്റക്കാരെന്നും മന്ത്രി പറഞ്ഞു. സഹ്റാന്‍പൂര്‍, ഗൊരഖ്പൂര്‍, അലിഗഡ്, റാംപൂര്‍, പ്രതാപ്ഗഡ്, പിലിഭിത്, ലഖ്നൗ, വാരണാസി, ബഹ്റൈച്ച്, ലഖിംപൂര്‍, റാംപൂര്‍, മീററ്റ്, ആഗ്ര ജില്ലകളില്‍നിന്നുള്ളവരെ ഉള്‍പ്പെടുത്തിയാണ് ആദ്യ പട്ടിക തയാറാക്കിയത്. പിലിഭിത്തിലാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരുള്ളത്.
Read More: പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം
കുടിയേറ്റക്കാരെക്കുറിച്ച് സര്‍ക്കാരേതര സന്നദ്ധ സംഘടനയായ നാഗ്രിക് അധികര്‍ മഞ്ച് തയാറാക്കിയ 116 പേജുള്ള റിപ്പോര്‍ട്ട് യുപി സര്‍ക്കാരിനും കേന്ദ്രത്തിനും അയച്ചിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചതായി സംസ്ഥാന ആഭ്യന്തര വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
സിഎഎ പ്രതിഷേധം രാജ്യത്ത് ഏറ്റവും ശക്തമായത് ഉത്തര്‍പ്രദേശിലായിരുന്നു. പ്രതിഷേധത്തിനെതിരായ പൊലീസ് വെടിവയ്പില്‍ 19 പേര്‍ക്കു ജീവന് നഷ്ടപ്പെട്ടു. പൊതുസ്വത്ത് നശിപ്പിച്ച സംഭവങ്ങളില്‍ നഷ്ടം ഈടാക്കാനായി 372 പേര്‍ക്കു സര്‍ക്കാര്‍ നോട്ടീസ് നല്കി. ഇത്തരം സംഭവങ്ങളില്‍ മൊത്തം 478 പേരെ തിരിച്ചറിഞ്ഞതായാണു സര്‍ക്കാര്‍ പറയുന്നത്.
നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികള്‍ സുപ്രീംകോടതിയും അലഹബാദ് ഹൈക്കോടതി വിധികളുടെയും അടിസ്ഥാനത്തിലുള്ളതാണെന്നാണു യോഗി ആദിത്യ നാഥ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ പ്രതികാരനടപടിയിലൂടെ പ്രക്ഷോഭം അടിച്ചമര്‍ത്താനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണം പരക്കെ ഉയര്‍ന്നിട്ടുണ്ട്.