ലണ്ടൻ: ചരിത്രത്തില്‍ ആദ്യമായി മിസ് ഇംഗ്ലണ്ട് സൗന്ദര്യ മത്സരത്തില്‍ ഹിജാബ് ധരിച്ച് മത്സരാര്‍ത്ഥി റാമ്പിലെത്തുന്നു. ഇരുപതുകാരിയായ സാറ ഇഫ്തിക്കർ ആണ് ഹിജാബ് ധരിച്ച് മിസ് ഇംഗ്ളണ്ട് ഫൈനൽ മത്സരത്തിനൊരുങ്ങുന്നത്. ഈയാഴ്ചയാണ് ഫൈനൽ മത്സരം നടക്കുന്നത്. മിസ് ഇംഗ്ളണ്ട് സൗന്ദര്യ മത്സരത്തിന്റെ യോഗ്യതാ റൗണ്ടുകളിൽ ഹിജാബ് ധരിച്ച് മത്സരാർത്ഥികൾ എത്തിയിരുന്നെങ്കിലും ഇതാദ്യമായാണ് ഒരു മത്സരാർത്ഥി ഫൈനലിൽ ഹിജാബ് ധരിച്ച് എത്തുക.

നിയമവിദ്യാർത്ഥിനിയായ സാറ ഇഫ്തിക്കർ മിസ് ഹഡർഷീൽഡ്,​ മിസ് യോർക്ക്ഷയർ പട്ടങ്ങൾ നേടിയിരുന്നു. സൗന്ദര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് രൂപത്തിനും നിറത്തിനും വംശത്തിനും അതീതമായി ഓരോരുത്തരും അവരുടേതായ രീതിയിൽ സൗന്ദര്യം ഉള്ളവരാണെന്നാണ് സാറ മറുപടി നൽകിയത്. ഇന്‍സ്റ്റഗ്രാമിലും തന്റെ സൗന്ദര്യം കൊണ്ട് ആരാദകരെ സൃഷ്ടിച്ചയാളാണ്.

‘ഫൈനലില്‍ എത്തിയതില്‍ വളരെയധികം സന്തോഷമുണ്ട്. എല്ലാകാലത്തും ഇതെന്റ് വലിയ നേട്ടമായി തുടരും. ഒരിക്കലും മറക്കാന്‍ കഴിയുന്ന നേട്ടമല്ല മിസ് ഇംഗ്ലണ്ട് മത്സരത്തിന്റെ ഫൈനലിലെത്തുന്നത്’, സാറ വ്യക്തമാക്കി.

16ാം വയസില്‍ സ്വന്തമായി ബിസിനസ് ചെയ്ത് മുന്‍നിരയിലേക്ക് വന്നയാളാണ് സാറ. ചൊവ്വാഴ്ച്ചയാണ് ഫൈനല്‍ നടക്കുന്നത്. 49 മറ്റ് ലോക സുന്ദരികള്‍ക്കൊപ്പമാണ് സാറ മത്സരിക്കുന്നത്. വിജയിച്ചാല്‍ ഇംഗ്ലണ്ടിനെ മിസ് വേള്‍ഡ് മത്സരത്തില്‍ പ്രതിനിധീകരിക്കാന്‍ സാറ ചൈനയിലെ സാന്‍യയിലേക്ക് പറക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook